കാവലിന് രാജപാളയം നായ്ക്കള്‍, വാടക വീട്ടില്‍വെച്ച് റേഷന്‍ അരി 'ബ്രാന്‍ഡഡ്' ആയി മാറും! പാറശ്ശാലയില്‍ 6000 കിലോ അരി പിടികൂടി

SEPTEMBER 13, 2026, 2:14 AM

പാറശ്ശാല: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന റേഷന്‍ അരി മില്ലുകളില്‍ എത്തിച്ച് പോളിഷ് ചെയ്ത് പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഉയര്‍ന്ന വിലയ്ക്ക് പൊതുവിപണിയില്‍ വില്‍പന നടത്തുന്ന വന്‍ തട്ടിപ്പ് ശൃംഖലയെ ഭക്ഷ്യവകുപ്പും പോലീസും ചേര്‍ന്ന് പിടികൂടി. പാറശ്ശാല കാരാളി കുളത്തിനു സമീപത്തുള്ള ആളൊഴിഞ്ഞ വാടകവീട്ടില്‍ സംഭരിച്ചിരുന്ന 6000 കിലോയോളം വരുന്ന റേഷന്‍ അരിയാണ് റെയ്ഡില്‍ കണ്ടെത്തിയത്.

താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രവീണിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 50 കിലോ വീതം നിറച്ച നൂറിലധികം ചാക്കുകളിലാണ് അരി സൂക്ഷിച്ചിരുന്നത്. സംഘം അരി കടത്താന്‍ ഉപയോഗിച്ച ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തമിഴ്നാട്ടില്‍ നിന്ന് സൗജന്യമായും കുറഞ്ഞ വിലയ്ക്കും ലഭിക്കുന്ന റേഷന്‍ അരിയും ഗോതമ്പും കാറുകളുടെ ഡിക്കികളിലും സ്‌കൂട്ടറുകളിലും ട്രെയിനുകള്‍ വഴിയുമാണ് അതിര്‍ത്തി കടത്തി പാറശ്ശാലയിലെത്തിച്ചിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി അതിര്‍ത്തി പ്രദേശങ്ങളില്‍ സിവില്‍ സപ്ലൈസ് പരിശോധന കര്‍ശനമാക്കിയതോടെയാണ് ആളൊഴിഞ്ഞ ഈ വീട് താവളമാക്കിയത്. കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി രണ്ട് രാജപാളയം ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ്ക്കളെയും കാവല്‍ നിര്‍ത്തിയിരുന്നു.

ഇങ്ങനെ സമാഹരിക്കുന്ന അരി മില്ലുകളിലെത്തിച്ച് പോളിഷ് ചെയ്ത ശേഷം സുരേഖ, സോടെക്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ചാക്കുകളിലാക്കി വന്‍ തുകയ്ക്കാണ് വിപണിയില്‍ എത്തിച്ചിരുന്നത്.

പാറശ്ശാല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിവില്‍ സപ്ലൈസ് അധികൃതരുടെ മിന്നല്‍ പരിശോധന. പിടിച്ചെടുത്ത അരി സിവില്‍ സപ്ലൈസിന്റെ എന്‍എഫ്എസ്എ ഗോഡൗണിലേക്ക് മാറ്റും. ജില്ലാ കളക്ടറുടെ ഉത്തരവ് ലഭിച്ച ശേഷം അരിയുടെ ഗുണനിലവാരം ഉറപ്പുവരുത്തി ലേലം ചെയ്യുകയോ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുകയോ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam