റെയില്‍ പാളങ്ങളില്‍ രണ്ടരവര്‍ഷത്തിനിടെ പൊലിഞ്ഞത് 2811 ജീവനുകള്‍

SEPTEMBER 19, 2024, 6:47 PM

തിരുവനന്തപുരം: സംസ്ഥാനത്ത് റെയില്‍വേ പാളങ്ങളില്‍ ജീവന്‍ പൊലിഞ്ഞ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചതാണ്. പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ഒരു മാസം മുമ്പ് നീലേശ്വരത്തും രണ്ട് സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. വിവിധ അപകടങ്ങളിലായി കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടയില്‍ കേരളത്തില്‍ മാത്രം 2811 പേരുടെ ജീവനാണ് പാളങ്ങളില്‍ പൊലിഞ്ഞത്.

2022ല്‍ 1034 മരണവും 2023ല്‍ 1357 മരണവും ഈവര്‍ഷം ഓഗസ്റ്റ് വരെ 420 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മാസം കോഴിക്കോട് ചെറുവണ്ണൂരിന് സമീപം കുണ്ടായിത്തോട് ട്രെയിന്‍ തട്ടി അമ്മയും മകളും മരിച്ചിരുന്നു. ഈ അപകടവും റെയില്‍വേ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു. ഏപ്രില്‍ മാസം തന്നെ കോട്ടയം വെള്ളൂര്‍ ശ്രാങ്കുഴി ഭാഗത്ത് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. എതിരെ ട്രെയിന്‍ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് മാറിയപ്പോള്‍ അതുവഴി വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു.

പാളം മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടമരണമാണ് ഏറ്റവും കൂടുതല്‍. ട്രെയിന്‍ തട്ടി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ കണക്ക് പരിശോധിച്ചാല്‍ മരണത്തിന്റെ കണക്കിന്റെ പകുതിയോളമുണ്ടാകുമെന്നാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നത്.

ഓരോ വര്‍ഷം കഴിയുമ്പോഴും കേരളത്തിലെ റെയില്‍വേ പാളങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അശ്രദ്ധ, പാളത്തിലൂടെ നടക്കുക, വണ്ടി വരുമ്പോള്‍ പാളം മുറിച്ച് കടക്കുക, ഓടുന്ന ട്രെയിനില്‍ ചാടികയറാന്‍ ശ്രമിക്കുക, വാതിലിന് സമീപത്ത് നിന്നും യാത്ര ചെയ്യുക ഇതൊക്കെയാണ് അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രധാന കാരണങ്ങള്‍.

അശ്രദ്ധയാണ് പ്രധാന വില്ലനെങ്കിലും ട്രെയിനുകളുടെ എണ്ണം കൂടിയതും വേഗം കൂടിയതും ശബ്ദം കുറഞ്ഞതും അപകടം കൂടാന്‍ കാരണമായതായി വിദഗ്ധര്‍ പറയുന്നു. മുമ്പ് ഡീസല്‍ എഞ്ചിന്‍ ട്രെയിന്‍ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ള ശബ്ദം പാളത്തില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്താന്‍ സഹായിച്ചിരുന്നു. പ്രധാന പാതകളിലെ മുഴുവന്‍ ട്രാക്കുകളും വൈദ്യുതീകരിച്ചതോടെ ഡീസല്‍ എഞ്ചിന്‍ മാറി ഇലക്ട്രിക് എന്‍ജിനുകളായി. ഇവയ്ക്ക് ശബ്ദം വളരെ കുറവാണ്. ട്രെയിന്‍ അടുത്തെത്തുമ്പോള്‍ മാത്രമേ ട്രാക്കില്‍ പ്രകമ്പനം ഉണ്ടാവുകയുള്ളു. അതിനാല്‍ ട്രാക്കിലൂടെ നടന്നു പോകുന്നവര്‍ക്ക് ട്രെയിന്‍ വരുന്നത് മനസിലാക്കി മാറാനുള്ള സമയം ലഭിക്കാറില്ല.

യാത്രാവണ്ടികള്‍ക്കും ചരക്കുവണ്ടികള്‍ക്കും പുറമെ ട്രാക്കുകളിലൂടെ പതിവായി കടന്നുപോകുന്ന ട്രാക്ക് മെയ്ന്റനന്‍സ് മെഷീനുകള്‍, റെയില്‍വേ മെറ്റീരിയല്‍ ട്രെയിനുകള്‍ എന്നിവയ്ക്കും ശബ്ദം വളരെ കുറവാണ്.

പാളത്തില്‍ അതിക്രമിച്ച് കയറിയതിന്റെ പേരില്‍ ആറായിരത്തോളം കേസുകളും ഓരോ വര്‍ഷവും കേരളത്തിലെ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനുകളിലെ ട്രാക്കുകളില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലുണ്ടായ അപകടങ്ങളില്‍ 2784 ജീവനുകള്‍ നഷ്ടമായിട്ടുണ്ട്.

പാളം കടക്കുന്നത് തടയാന്‍ റെയില്‍വേ 2021ല്‍ ശിക്ഷയും പിഴയും ഏര്‍പെടുത്തിയിരുന്നു. പാളം മുറിച്ച് കടന്നാല്‍ ആറുമാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. പാളം മുറിച്ച് കടക്കുന്നത് തടയാന്‍ വേലികളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അതൊന്നും ഗൗനിക്കാതെ എളുപ്പത്തിനായി ട്രാക്ക് മറികടന്നുപോകുന്നതാണ് പതിവ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam