കൊച്ചി: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ പിടിച്ചുകുലുക്കിയ ഒരു വിഷയമായിരുന്നു മലയിടംതുരുത്തിലെ കുടിയിറക്കൽ ഭീഷണി. എന്നാൽ ഈ വിഷയത്തിന് ഇപ്പോൾ അവസാനമായിരിക്കുകയാണ്.
മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ സർക്കാരും പ്രാദേശിക ജനപ്രതിനിധികളും ചേർന്ന് നടത്തിയ നിർണായക ചർച്ചയിൽ എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയിറക്കൽ ഭീഷണിക്ക് ഒടുവിൽ പരിഹാരമായിരിക്കുകയാണ്. ചർച്ച വിജയിച്ചെന്നും തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ധാരണയായതായും യോഗത്തിന് ശേഷം മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.
സമവായ ഫോർമുല ഇരുവിഭാഗവും അംഗീകരിച്ചതോടെ സമരസമിതി സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. ദളിത് കുടുംബങ്ങൾക്ക് അവർ നിലവിൽ കഴിയുന്ന ഭൂമിയിൽ തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഒടുവിൽ സർക്കാർ ചർച്ചയിലൂടെ യാഥാർഥ്യമാക്കിയിരിക്കുന്നത്.
പുതിയ കരാർ പ്രകാരം മലയിടംതുരുത്തിൽ തർക്കത്തിലായിരുന്ന ശങ്കരൻനായരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് തന്നെ അഞ്ച് സെന്റ് വീതം ദളിത് കുടുംബങ്ങൾക്ക് നൽകും. ഈ ഭൂമിയിൽ സർക്കാർ മുൻകൈ എടുത്ത് ഇവർക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു വർഷത്തിനകം പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതുവരെ നിലവിലുള്ള വീടുകളിൽ തന്നെ ഈ കുടുംബങ്ങൾക്ക് സുരക്ഷിതമായി താമസിക്കാം.
വീട് നിർമാണം പൂർത്തിയായാൽ കുടുംബങ്ങൾ അങ്ങോട്ടേക്ക് മാറും. ഈ വ്യവസ്ഥകൾ ഔദ്യോഗികമായി കരാറാക്കി മാറ്റാനും തുടർനടപടികൾ ഹൈക്കോടതിയെ ബോധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
തങ്ങൾക്ക് അതേ മണ്ണിൽ തന്നെ ജീവിക്കണമെന്ന പ്രധാന ആവശ്യമാണ് സർക്കാർ അംഗീകരിച്ചതെന്നും അതുകൊണ്ട് യോഗത്തിലെ തീരുമാനങ്ങൾ പൂർണ്ണമായി സ്വാഗതം ചെയ്ത് സമരം അവസാനിപ്പിക്കുന്നതായും സമരസമിതി ഭാരവാഹികൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
