ഛത്തർപൂർ: മധ്യപ്രദേശിലെ ഛത്തർപൂരിൽ കുടുംബ തർക്കത്തിനിടെ ഭർത്താവ് മരിച്ച സംഭവത്തിൽ ഭാര്യ പൊലീസ് കസ്റ്റഡിയിൽ. ഭർത്താവിനെ വടികൊണ്ട് ആക്രമിച്ചതായി സമ്മതിച്ച യുവതി പിന്നീട് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.
നീലം കുശ്വാഹ എന്ന സ്ത്രീയാണ് ഭർത്താവ് ദീൻദയാൽ കുശ്വാഹയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയത്. നാല് വർഷത്തിലേറെയായി ഭർത്താവിൽ നിന്ന് അകന്ന് മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവദിവസം മദ്യപിച്ചെത്തിയ ദീൻദയാൽ വീട്ടിൽ കയറി പ്രശ്നമുണ്ടാക്കിയതായും കുട്ടിയെ ഉപദ്രവിക്കുമെന്ന ഭയത്തിൽ സമീപത്തുണ്ടായിരുന്ന വടി ഉപയോഗിച്ച് ആക്രമിച്ചതായുമാണ് യുവതിയുടെ മൊഴി. കുട്ടിയെ ഭർത്താവ് തലകീഴായി കെട്ടിയിട്ട് മർദിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദീൻദയാൽ പിന്നീട് മരണപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിന് ശേഷം മണിക്കൂറുകളോളം മൃതദേഹത്തിന് സമീപം തന്നെ തുടരുകയായിരുന്ന യുവതി പിന്നീട് സമീപത്തെ ക്ഷേത്രത്തിൽ പോയി പ്രാർഥിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. രാത്രി പൊലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
