മധ്യപ്രദേശിലെ ചിന്ദ്‌വാര ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുമ്പില്ലാത്ത വിധം ശ്രദ്ധ നേടുന്ന ഒന്നാണ്. കാരണം അത് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ സ്വന്തം തട്ടകമാണ്. പതിവിൽനിന്ന് വ്യത്യസ്തമായി ഇളകി മറിഞ്ഞിരിക്കുന്ന ആ മണ്ഡലത്തിൽ ഇത്തവണ വിരിയുന്നത് കമൽനാഥിന്റെ കോൺഗ്രസ് ആയിരിക്കുമോ, ബി.ജെ.പിയുടെ കമൽ ആയിരിക്കുമോ എന്നതാണ് ചോദ്യം.
കോൺഗ്രസ് കൂടാരത്തിൽ കമൽനാഥും മകൻ നകുൽനാഥും അസ്വസ്ഥനാണെന്ന അഭ്യൂഹങ്ങൾ അതിശക്തമാണ്. ബി.ജെ.പി അത് ആകും വിധം പ്രചരിപ്പിക്കുന്നു. മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് ഭംഗികൂട്ടുന്നു. അഭ്യൂഹങ്ങൾ ഉയർന്ന് പറക്കാവുന്ന വിധം കമൽനാഥും മകനും വാർത്തകൾ നിഷേധിക്കാതെ മൗനത്തിൽ ഒളിക്കുന്നു. പാർട്ടിയുടെ പേര് സോഷ്യൽ പ്ലാറ്റ് ഫോം ആയ എക്‌സിൽനിന്ന് നീക്കി നകുൽനാഥ് സൂചനകൾക്ക് ആക്കം കൂട്ടുന്നു. ഇതാ ഇപ്പോൾ ബി.ജെ.പിയിൽ ചേർന്നു എന്ന മട്ടിൽ ഇരുവരും ഡൽഹിക്ക് പറക്കുന്നു. ഒരാഴ്ച ഭോപാലിനും ഡൽഹിക്കുമിടയിൽ അതിവേഗത്തിൽ കുതിച്ച അഭ്യൂഹങ്ങൾ മധ്യപ്രദേശ് രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ഗതി നിർണയിക്കുന്ന തരത്തിലുള്ളതായിരുന്നു. എല്ലാ അഭ്യൂഹങ്ങളും നിരാകരിച്ച് ഒടുവിൽ ഇരുവരും വ്യക്തത വരുത്തി. 'ഇല്ല, ഞങ്ങൾ ബി.ജെ.പിയിലേക്ക് ഇല്ല.' ഹൊ. കോൺഗ്രസ് നേതാക്കൾക്ക് ശ്വാസംവിടാനുള്ള ആശ്വാസം ലഭിച്ചു.
ഇഛാഭംഗമുള്ള നേതാക്കളാണ് കമൽനാഥും നുകലും എന്ന പ്രതീതി ഇതിലൂടെ സൃഷ്ടിച്ചു. കമൽനാഥിനോട് പിണങ്ങിയാണ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലെത്തിയത്. ദിഗ് വിജയ സിങിനോട് കൂടി കലഹിച്ച് കമൽനാഥ് കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിനെ സജീവമായി നിലനിർത്തി. പാർട്ടി ശോഷിക്കുമ്പോഴും ഗ്രൂപ്പ് യുദ്ധം തുടരുന്നതിൽ കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന വൈഭവം അസാധാരണമാണല്ലോ.
എതിരാളിയുടെ കൂടാരം കലങ്ങി മറിയട്ടെ എന്ന ചിന്ത ബി.ജെ.പിക്ക് സ്വാഭാവികമാണ്. നന്നായി കലക്കാൻ ആവരെന്തും ബി.ജെ.പി ചെയ്തു. അത് ഇനിയും തുടരും. മുറിവേറ്റ കമൽനാഥിന്റെ ചിന്ദ് വാരയാണ് ഈ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഇനിയുള്ള ലക്ഷ്യം. സംസ്ഥാനത്ത് ബി.ജെ.പി നല്ല ആധിപത്യം നേടിയ കഴിഞ്ഞ രണ്ട ദശകത്തിനിടയിലും ചിന്ദ് വാരയിൽ കോൺഗ്രസിന് പോറലുണ്ടാക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. ബി.ജെ.പിയിൽനിന്ന് അധികാരം തിരിച്ചുപിടിച്ച് മുഖ്യമന്ത്രിയാകാൻ നിയമസഭയിൽ മത്സരിച്ചപ്പോഴും ലോക് സഭയിൽ നകുൽനാഥിലൂടെ ചിന്ദ് വാര പാർട്ടിക്കൊപ്പം നിർത്തി കമൽനാഥിന്റെ കുടുംബം. ഇതിന് കാരണം വോട്ടർമാർക്ക് കമൽനാഥിനോടുള്ള താൽപര്യമാണോ, കോൺഗ്രസിനോടുള്ള താൽപര്യമാണോ എന്ന കാര്യത്തിലേ ഇനി ലിറ്റ്മസ് ടെസ്റ്റ് ആവശ്യമുള്ളൂ.
ഒന്നോ രണ്ടോ തവണയല്ല, 1952 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഇതുവരെ ഒറ്റത്തവണ മാത്രമേ കോൺഗ്രസിനെ മണ്ഡലം കൈവിട്ടുള്ളൂ. ആ തോൽവി കമൽനാഥിന് തന്നെയായിരുന്നു. എങ്കിലും ഒമ്പത് തവണ അദ്ദേഹം അവിടെ നിന്ന് ജയിച്ചുകയറിയിട്ടുണ്ട്. പിന്നെ മകൻ നകുൽ നാഥും. അതിന് മുമ്പ് മറ്റ് കോൺഗ്രസ് നേതാക്കളും. 1997ലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സുന്ദർലാൽ പട്‌വ കമൽമനാഥിനെ തോൽപ്പിച്ചത് മാത്രമായിരുന്നു ഏക തിരിച്ചടി. പക്ഷെ തൊട്ടടുത്ത വർഷം, 1998ൽ നടന്ന തെരഞ്ഞെടുപ്പിൽ കമൽനാഥ് മണ്ഡലം കോൺഗ്രസിനായി തിരിച്ചുപിടിച്ചു. 2014 വരെ തുടർച്ചയായി അഞ്ച് തവണ ജയിച്ചു. 1980ൽ തുടങ്ങിയതാണ് അവിടെ നിന്നള്ള കമൽനാഥിന്റെ വിജയ പരമ്പര. 1980 മുതൽ 91 വരെ കമൽനാഥ് തന്നെയായിരുന്നു വിജയി. 1996ൽ ഭാര്യ അൽക നാഥിനെയും ജയിപ്പിച്ചു. ഫലത്തിൽ 80 മുതൽ കമൽനാഥിന്റെ കുടുംബതാവളം.
കമൽനാഥിന് വേണ്ടി കയ്‌മെയ് മറന്ന് പ്രവർത്തിക്കുന്നവരാണ് ആ നാട്ടിലെ കോൺഗ്രസ് അണികൾ. അവർ എല്ലാം രണ്ടാഴ്ചയിലേറെയായി തുടർച്ചയായി പരസ്പരം ചോദിക്കുന്നത് കമൽനാഥും നുകൽനാഥും എന്നാണ് ബി.ജെ.പിയിൽ ചേരുക എന്നാണ്. ഇല്ലെന്ന അദ്ദേഹത്തിന്റെ ഉത്തരം ഇപ്പോൾ അവരെ തൃപ്തിപ്പെടുത്തുന്നുണ്ടാകും. ഒരുപക്ഷെ കമൽനാഥിന്റെ മനസ്സിനൊപ്പം സഞ്ചരിക്കുന്നവരാകും അന്നാട്ടുകാർ. കമൽനാഥ് അങ്ങനെ അണികളെ സൃഷ്ടിച്ചിട്ടുണ്ട്. മധ്യപ്രദേശിൽതന്നെ ജ്യോതിരാദിത്യ സിന്ധ്യയും മഹാരാഷ്ട്രയിൽ അശോക് ചവാനും ബി.ജെ.പിയിൽ ചേക്കേറിയതിനേക്കാൾ കോൺഗ്രസിന് ആഘാതം ഒരുപക്ഷെ കമൽനാഥ് നൽകിയേക്കാം. പക്ഷെ, രാഷ്ട്രീയ ജീവിതത്തിൽ ഇക്കാലമെല്ലാം പാർട്ടിയെ വളർത്തിയും പാർട്ടിയിലൂടെ സ്വയം വളർന്നും വലുതായ കമൽനാഥ് ജീവിത സായാഹ്നത്തിൽ മറിച്ചൊരു തീരുമാനമെടുക്കമോ?
ബി.ജെ.പി വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിന് കാരണമുണ്ട്. കമൽനാഥിന്റെ അടിത്തറയിൽ തങ്ങൾ കുഴിതോണ്ടിയിരിക്കുന്നു എന്നാണ് ബി.ജെ.പിയുടെ മനോഭാവം. അമേത്തിയിൽ രാഹുലിനെ വീഴ്ത്താൻ കഴിഞ്ഞതിനാൽ, ചിന്ദ് വാരയിൽ കമൽനാഥിനും പുറത്തേക്കുള്ള വഴി കാട്ടിക്കൊടുക്കാൻ എളുപ്പമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ജില്ലാ പ്രസിഡന്റുമാരും ഗ്രാമമുഖ്യന്മാരുമടക്കം കോൺഗ്രസിന്റെ റാങ്ക് ആൻഡ് ഫയൽ ആയിരുന്ന ആളുകൾ തങ്ങളിലേക്ക് വന്നു എന്നാണ് ബി.ജെ.പിയുടെ ക്ലെയിം. മുഖ്യമന്ത്രിപദത്തിൽ കാലാവധി പൂർത്തിയാക്കും മുമ്പേ, ജ്യേതിരാദിത്യ സിന്ധ്യയുടെ അസംതൃപ്തി മുതലെടുത്ത് കമൽനാഥിനെ വീഴ്ത്തിയവരാണ് ബി.ജെ.പി. കമൽനാഥിനെ തന്നെ കൂടെ കൂട്ടി ചിന്ദ് വാര പിടിക്കാം എന്നായിരുന്നു ബി.ജെ.പിയുടെ മോഹം. തൽക്കാലം ആ സാധ്യത അടഞ്ഞതിനാൽ അടുത്ത ലക്ഷ്യം കമൽനാഥിനെ വീഴ്ത്തി മണ്ഡലം സ്വന്തമാക്കാം എന്നതാകും.
ചൗക്കിദാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്