കഴിഞ്ഞ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു വേണ്ടി വൻ തോതിൽ അട്ടിമറി നടന്നുവെന്നു തെളിയിക്കുന്ന, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ രേഖകൾ പുറത്തുവിട്ടു കൊണ്ട് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തൽ ജനാധിപത്യത്തെ സ്‌നേഹിക്കുന്ന എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്.
നടന്നത് വോട്ടുകൊളള എന്ന് ആരോപിച്ച രാഹുൽ ഗാന്ധി അട്ടിമറിയുടെ കണക്കുകളും അവതരിപ്പിച്ചു. വോട്ടുകൊള്ളയിലൂടെ 33000 വോട്ടുകൾക്ക് ബി.ജെ.പി വിജയിച്ച 25 ലോക്‌സഭാ മണ്ഡലങ്ങളുണ്ടെന്ന് രാഹുൽ ഗാന്ധി വെളപ്പെടുത്തി. അട്ടിമറി ഇല്ലായിരുന്നുവെങ്കിൽ ബി.ജെ.പി ഇത്തവണ അധികാരത്തിൽ വരില്ലായിരുന്നുവെന്ന് രാഹുൽ വ്യക്തമാക്കി. കർണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പാണ് ഉദാഹരണമായി രാഹുൽ ചൂണ്ടിക്കാട്ടിയത്.
ഇലട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തുടങ്ങിയ തിരഞ്ഞെടുപ്പുകളിൽ പലവിധ സംശയങ്ങളും നേരത്തേ ഉയർന്നിട്ടുണ്ട്. പല പരാതികളും തിരഞ്ഞെടുപ്പ് കമ്മിഷൻ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യുകയായിരുന്നു. എന്നാൽ, രാഹുൽ തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിയ ആരോപണങ്ങൾ വലിയ അട്ടിമറിയെയാണ് സൂചിപ്പിക്കുന്നത്.
ബി.ജെ.പിക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ ഒത്തുകളിയെപ്പറ്റി ഇന്ത്യാസഖ്യത്തിലെ പല പാർട്ടികളും പരാതികൾ ഉന്നയിച്ചിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ മുപ്പത് അംഗ സംഘത്തെ നിയോഗിച്ച് ആറ് മാസത്തോളം നടത്തിയ പഠനത്തിലാണ് രാഹുലിന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമായ തെളിവുകൾ ശേഖരിച്ചത്. രാഹുലിന്റെ ആരോപണത്തെ പിന്തുണച്ച് ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികൾ എല്ലാം ഒറ്റക്കെട്ടായി രംഗത്തുവരാനുണ്ടായ കാരണം അവർക്കെല്ലാം സമാനമായ പരാതികൾ ഉണ്ടായിരുന്നതുകൊണ്ടാണ്. ഇതോടെ ഇന്ത്യാസഖ്യത്തിന്റെ കെട്ടുറപ്പ് കൂടുതൽ ശക്തമായത് കോൺഗ്രസിന് രാഷ്ട്രീയ നേട്ടം കൂടിയാണ്.
രാഹുലിന്റെ ആരോപണങ്ങൾ ചട്ടപ്രകാരം സ്വയം സാക്ഷ്യപ്പെടുത്തി തെളിവു നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെടുന്നത്.
രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതിപക്ഷ നേതാവാണ്. ഭരണഘടനാ പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റേതും. അങ്ങനെയുള്ളയാൾ തിരഞ്ഞെടുപ്പ് അട്ടിമറിയെപ്പറ്റിയുള്ള തെളിവുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണുണ്ടായത്. ഇന്ത്യൻ ഭരണഘടനയും ദേശീയതയ്ക്കും മുറിവേറ്റതിനെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. കമ്മിഷനു മുന്നിൽ പോയി തെളിവുകൾ സാക്ഷ്യപ്പെടുത്തി നൽകണമെന്ന് ആജ്ഞാപിക്കുന്നത് വിരട്ടലാണ്. അതിനു വഴങ്ങുന്നയാളല്ല രാഹുൽ ഗാന്ധി. ഡ്യൂപ്‌ളിക്കേറ്റ് വിലാസക്കാരും വ്യാജ വോട്ടർമാരും ഒരു വീട്ടിൽ കൂട്ടമായി പാർക്കുന്ന വോട്ടർമാരുമൊക്കെയാണ് ബി.ജെ.പിയുടെ വിജയത്തിന്റെ കാരണക്കാരെന്ന് തെളിവുകൾ നിരത്തി പറഞ്ഞയാളെ വേട്ടയാടാൻ അനുവദിച്ചുകൂടാ. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. അതേപ്പറ്റി അന്വേഷിച്ച് തിരഞ്ഞെടുപ്പിന്റെ സുതാര്യത തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മിഷനാണ്. വെല്ലുവിളി തുടരുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ രാഹുലിന് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുകയാണ്.
അമേരിക്കയെപ്പോലെ ലോകത്ത് ജനാധിപത്യത്തിന് പ്രഥമ സ്ഥാനം നൽകുന്ന രാജ്യമാണ് ഇന്ത്യ. അവിടെ തിരഞ്ഞെടുപ്പ് നടത്താൻ നിയോഗിക്കപ്പെടുന്ന ഭരണഘടനാ സ്ഥാപനം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടുകമായി അധ:പതിക്കാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയാകും.
ജെയിംസ് കൂടൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്