ലോനാവാല: പ്രതിശ്രുത വധുവിന്റെ പിറന്നാൾ ആഘോഷത്തിനായി സുഹൃത്തുക്കളോടൊപ്പം ട്രെക്കിംഗിന് പോയ 26കാരൻ 400 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിലാണ് ദാരുണ സംഭവം. മരിച്ചത് പൂനെ ഗഹുഞ്ജെ സ്വദേശിയായ കേതൻ വിശാൽ അഗർവാൾ ആണ്.
സ്വന്തം കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഡയറക്ടറായിരുന്ന കേതൻ, തന്റെ പ്രതിശ്രുത വധുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അവളോടും മറ്റ് രണ്ട് അടുത്ത സുഹൃത്തുക്കളോടും കൂടി വ്യാഴാഴ്ച രാവിലെ ലോഹഗഡ് കോട്ട സന്ദർശിക്കാൻ എത്തിയതായിരുന്നു.
രാവിലെ 10.30ഓടെ, കോട്ടയിലെ ഒരു കുത്തനെയുള്ള പാറക്കെട്ടിന് സമീപം മഞ്ഞ് മൂടിയ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ കേതന് കാലിടറി താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടസമയത്ത് പ്രദേശത്ത് അതിശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നുവെന്നും, കാറ്റിൽ പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടാണ് കേതൻ ആഴമേറിയ കൊക്കയിലേക്ക് പതിച്ചതെന്നും ലോനാവാല റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദിനേഷ് തായ്‌ഡെ വ്യക്തമാക്കി.
കേതൻ കണ്ണുമുന്നിൽ വെച്ച് താഴ്ചയിലേക്ക് വീഴുന്നത് കണ്ട പ്രതിശ്രുത വധുവിനും സുഹൃത്തുകൾക്കും നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
ഏതാനും മാസങ്ങൾക്കകം വിവാഹിതനാകാനിരിക്കെയാണ് കേതന്റെ ദാരുണാന്ത്യം. വരാനിരിക്കുന്ന നവംബർ മാസത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു പ്രശസ്ത കൊട്ടാരം ഇരു കുടുംബങ്ങളും ചേർന്ന് നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു.
അപകടവിവരം അറിഞ്ഞതോടെ പൊലീസും ‘ശിവദുർഗ് മിത്ര എമർജൻസി റെസ്ക്യൂ ടീം’ അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുത്തനെയുള്ള ഭൂപ്രകൃതിയും നിബിഡമായ കാടും നിറഞ്ഞ താഴ്‌വരയിൽ ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കേതന്റെ മൃതദേഹം പുറത്തെടുത്തത്.
തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
