ഗാന്ധിനഗര്‍: ലോകത്തിലെ ഏറ്റവും ചെറിയ കുറുക്കനായ ഫെനെക്കിനെ ഗുജറാത്തിലെ കച്ച് മരുഭൂമിയില്‍ കണ്ടെത്തി. വനപാലകര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് അപൂര്‍വയിനം ജീവി കാമറയില്‍ പതിഞ്ഞത്. ഗുജറാത്തിലെ വന്യജീവി ചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വമായ ഒരു സംഭവമായാണ് പരിസ്ഥിതി പ്രവര്‍ത്തകരും വനംവകുപ്പും ഇതിനെ കണക്കാക്കുന്നത്.
വടക്കന്‍ ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന ഈ ചെറു ജീവി എങ്ങനെ ഇന്ത്യയില്‍ എത്തി എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെ പോലും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. കച്ചിലെ ചെറിയ മരുഭൂമിയുടെ ഏറ്റവും വലിയ ഭാഗം ഉള്‍പ്പെടുന്നത് സുരേന്ദ്രനഗര്‍ ജില്ലയിലാണ്. പ്രസിദ്ധമായ ഇന്ത്യന്‍ കാട്ടു കഴുതകള്‍ ഉള്‍പ്പെടെയുള്ള നിരവധി വന്യജീവികളുടെയും പക്ഷികളുടെയും പ്രധാന ആവാസ കേന്ദ്രമാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ മൃഗ സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നായ ഗുഡ്ഖാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
സുരേന്ദ്രനഗര്‍ ജില്ലയിലെ വച്ച്രാജ് ബെറ്റ് എന്ന സ്ഥലത്തിന് പിന്നിലായുള്ള പ്രദേശത്ത് വനംവകുപ്പ് സംഘം നടത്തിയ പ്രത്യേക പട്രോളിങ്ങിനിടെയാണ് അപൂര്‍വയിനം കുറുക്കന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഗുജറാത്തില്‍ കുറുക്കന്മാര്‍ പൊതുവെ വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ്. നിലവില്‍ ഈ പ്രദേശത്ത് ആകെ 153 കുറുക്കന്മാര്‍ മാത്രമുള്ളതായാണ് ഔദ്യോഗിക കണക്കുകള്‍.
ലഭിച്ച ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നാണ് ഫെനെക്ക് വര്‍ഗത്തില്‍പ്പെട്ട കുറുക്കനാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയത്. സാധാരണ കുറുക്കന്മാരെ അപേക്ഷിച്ച് ശരീരവലുപ്പം വളരെ കുറഞ്ഞ പ്രകൃതമാണ് ഇവയ്ക്കുള്ളത്. പരമാവധി ഒരു കിലോഗ്രാം മാത്രമാണ് ഇവയുടെ ശരീരഭാരം. ഏകദേശം ഒരടി മാത്രമായിരിക്കും ആകെ നീളം. ഇളംമഞ്ഞയോ തവിട്ടോ നിറമാണ് ശരീരത്തിന്. മരുഭൂമിയിലെ കടുത്ത ചൂടിനെ അതിജീവിക്കാനും ശരീരോഷ്മാവ് ക്രമീകരിക്കാനും സഹായിക്കുന്ന വലിയ ചെവികള്‍ ഇവയുടെ പ്രധാന പ്രത്യേകതയാണ്.
മരുഭൂമിയില്‍ ഒളിച്ചു ജീവിക്കാന്‍ താല്പര്യപ്പെടുന്ന ഫെനെക്ക് കുറുക്കന്മാര്‍ എലികള്‍, പക്ഷികള്‍, പക്ഷിമുട്ടകള്‍, പല്ലികള്‍, ചെറിയ ജീവികള്‍ എന്നിവയെയാണ് ഭക്ഷണമാക്കുന്നത്. ജീവിയെ കണ്ടെത്തിയ പ്രദേശത്തിന് സമീപത്തുനിന്നും വലിയ കുഴികളും വനംവകുപ്പ് കണ്ടെത്തിയിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി എത്തിയവയാണോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ മരുഭൂമികളില്‍ സാധാരണയായി കാണപ്പെടുന്നത് ഡെസേര്‍ട്ട് ഫോക്‌സ് അഥവാ ഇന്ത്യന്‍ കുറുക്കന്‍ എന്ന വിഭാഗമാണ്. അതിനാല്‍ വിദേശിയായ ഫെനെക്ക് കുറുക്കന്റെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണെങ്കില്‍ അതൊരു സവിശേഷ കണ്ടെത്തലായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
