ചെന്നൈ: യുവതിയുടെ താലിമാല പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. ഉദ്യോഗസ്ഥയുടെ നടപടി അനുചിതവും അന്യായവുമാണെന്ന് ആണ് കോടതി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ആഭരണം തിരികെ നൽകാനും ആചാരങ്ങളെ ബഹുമാനിക്കണമെന്നും നിർദേശിച്ചു.
"നമ്മുടെ ആചാരമനുസരിച്ച്, നവവധു സ്വർണാഭരണങ്ങൾ ധരിക്കുന്നത് സാധാരണമാണ് . ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ, ഈ രാജ്യത്തെ എല്ലാ മതങ്ങളുടെയും ആചാരങ്ങൾ മാനിക്കണം. ഭർത്താവുമൊത്ത് വിവാഹ ജീവിതം ആരംഭിക്കാനിരിക്കുന്ന യുവതിയോട് കസ്റ്റംസ് ചെയ്തത് അന്യായമാണ്" എന്നാണ് കോടതി വ്യക്തമാക്കിയത്.
ആഭരണം പിടിച്ചെടുത്ത എസ് മൈഥിലിയെ എന്ന ഓഫീസറുടെ പെരുമാറ്റം അനഭിലഷണീയമാണ്. ഉദ്യോഗസ്ഥക്കെതിരെ പേഴ്‌സണൽ & ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്‍റ് അന്വേഷിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും വേണമെന്നും കോടതി നിർദേശം നൽകി.
ശ്രീലങ്കൻ പൗരത്വമുള്ള തനുഷികയും ശ്രീലങ്കൻ പൗരനായ ജയകാന്തും തമ്മിലുള്ള വിവാഹം 2023 ജൂലൈ 15ന് ചെങ്കൽപേട്ട് ജില്ലയിലെ മധുരന്ധഗമിലുള്ള സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് നടന്നത്. അതിനുശേഷം ജയകാന്ത് ഫ്രാൻസിലേക്ക് പോയി. തനുഷിക ശ്രീലങ്കയിലേക്കും. വിസ ലഭിച്ചതോടെ തനുഷികയും ഫ്രാൻസിലേക്ക് പോവാൻ തീരുമാനിച്ചു. അതിനു മുൻപായാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. അപ്പോഴാണ് 45 ഗ്രാം തൂക്കമുള്ള സ്വർണ്ണ വളകളും 88 ഗ്രാം തൂക്കമുള്ള താലിമാലയും ഊരിമാറ്റാൻ കസ്റ്റംസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടത്. തന്‍റെ വിവാഹം അടുത്ത കാലത്താണ് കഴിഞ്ഞതെന്നും ഫ്രാൻസിലേക്ക് പോവുകയാണെന്നും പറഞ്ഞിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥ കേൾക്കാൻ തയാറായില്ലെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്