ന്യൂഡല്‍ഹി: ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്ന് ക്രൂരതയായി പരിഗണിക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്, നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. കുടുംബ കോടതി വിവാഹ മോചനം നിഷേധിച്ചതിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കാം എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് വൈവാഹിക ബന്ധത്തിലേക്ക് ദമ്പതികള്‍ പ്രവേശിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വീട്ടു ജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്നും സ്നേഹവും കടപ്പാടുമായി അതിനെ കാണണമെന്നും ബഞ്ച് നിരീക്ഷിച്ചു.
വരുമാനമില്ലാത്ത പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള നിയമപരവും ധാര്‍മികവുമായ ബാധ്യത മകനുണ്ട്. വിവാഹത്തിന് ശേഷം മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ടു താമസിക്കുകയെന്നത് ഹൈന്ദവ സംസ്‌കാരത്തില്‍ അഭിലഷണീയമല്ല. അങ്ങനെയൊരു പൊതു ആചാരവുമില്ല. ദമ്പതികള്‍ വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭാവി ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കാമെന്ന ഉദ്ദേശ്യം കൂടി അതിനു പിന്നിലുണ്ട്. വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ജോലിക്കാരിയോട് നിര്‍ദേശിക്കുന്ന പോലെയല്ല.
സ്നേഹവും വാത്സല്യവുമായി അതിനെ പരിഗണിക്കണം. ചില ഘട്ടങ്ങളില്‍ ഭര്‍ത്താവ് സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വരും. ഭാര്യ വീട്ടിലെ ഉത്തരവാദിത്വങ്ങളും. ഇവിടത്തെ കേസ് അതാണ്. ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിച്ചാല്‍ അതിനെ ക്രൂരതയായി കണക്കാക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാത്തതിനാല്‍ വിവാഹമോചനം വേണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. നേരത്തെ കുടുംബ കോടതി പരിഗണിച്ച കേസ് ഭര്‍ത്താവിന് വിവാഹമോചനം നല്‍കാനാവില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.
2007ലാണ് കേസിലെ കക്ഷികള്‍ വിവാഹിതരായത്. അടുത്ത വര്‍ഷം ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. തനിക്കും കുടുംബത്തിനും നേരെ ഭാര്യ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും ഇത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. എല്ലാ ജോലികളും ചെയ്തിരുന്നു എന്നും എന്നാല്‍ ഭര്‍ത്താവും കുടുംബവും സംതൃപ്തരായിരുന്നില്ല എന്നാണ് ഭാര്യ വാദിച്ചത്. കേസ് വിശദമായി കേട്ട കോടതി ദാമ്പത്യജീവിതം സുഖകരമായി മുമ്പോട്ടു കൊണ്ടുപോകാന്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് പ്രത്യേക താമസം തരപ്പെടുത്തിയിരുന്നതായി വിധിയില്‍ എടുത്തുപറഞ്ഞു. അതുവഴി ഭാര്യയെ സന്തോഷവതിയാക്കാന്‍ പരാതിക്കാരന്‍ ശ്രമിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്