ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലീം വിഭാഗത്തെ പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. സിഎഎ മുസ്ലീങ്ങളുടെ പൗരത്വത്തെ ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ചോദ്യോത്തര രൂപത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
* രാജ്യത്തെ മുസ്ലീങ്ങളെ സിഎഎ എങ്ങനെ ബാധിക്കും?
രാജ്യത്ത് ഹിന്ദുക്കളെ പോലെ തുല്യ അവകാശമുള്ളവരാണ് 18 കോടി വരുന്ന മുസ്ലീം ജനതയും. ഇവരുടെ പൗരത്വത്തെ ബാധിക്കുന്ന യാതൊന്നും ഈ നിയമത്തില്‍ ഇല്ല. സിഎഎ നടപ്പാക്കുന്നതിന്റെ പേരില്‍ ഒരു ഇന്ത്യന്‍ പൗരനോട് പോലും അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടില്ല. .
* ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ ഈ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമോ?
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതവിവേചനം നേരിട്ട സിഖ്, ജൈന, പാഴ്സി, ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ വിഭാഗക്കാര്‍ക്കാണ് സിഎഎ നിയമപ്രകാരം പൗരത്വം നല്‍കുന്നത്. ഇവര്‍ 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ ആയിരിക്കണം. കുടിയേറ്റക്കാരെ തിരിച്ചയക്കാനായി ഈ മൂന്ന് രാജ്യങ്ങളുമായി ഇന്ത്യക്ക് കരാറില്ല. കുടിയേറ്റക്കാരെ സ്വദേശത്തേക്ക് നാടുകടത്താനുള്ള വ്യവസ്ഥകള്‍ സിഎഎയിലില്ല. അതുകൊണ്ട് തന്നെ സിഎഎ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.
* ആരാണ് അനധികൃത കുടിയേറ്റക്കാര്‍?
1955 ലെ പൗരത്വ നിയമത്തിലുള്ളതു പോലെ, മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിച്ച വിദേശിയാണ് സിഎഎ പ്രകാരവും അനധികൃത കുടിയേറ്റക്കാര്‍.
* സിഎഎ ഇസ്ലാമിന്റെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കും?
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും ഇസ്ലാമിന്റെ പേര് കളങ്കപ്പെടുത്താന്‍ കാരണമായി. അതേസമയം, സമാധാനത്തിന്റെ മതമായ ഇസ്ലാം ഒരിക്കലും അക്രമങ്ങളെയോ വിദ്വേഷത്തെയോ പീഡനത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. സിഎഎ എന്നത് വിവേചനം അനുഭവിച്ചവരോട് കരുണ കാണിക്കുന്നതിനുള്ള ഉപാധിയാണ്. മാത്രമല്ല, ഇത്തരം പീഡനങ്ങളുടെ പേരില്‍ ലോകത്തിന് മുന്നില്‍ ഇസ്ലാമിന്റെ പ്രതിച്ഛായ മോശമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
* ഇന്ത്യന്‍ പൗരത്വം നേടുന്നതില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കുന്നുണ്ടോ?
ഇല്ല. ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെ സെക്ഷന്‍ 6 പ്രകാരം, ലോകത്തിന്റെ ഏതു ഭാഗത്തുള്ള മുസ്ലീങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാം.
* 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടോ?
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മതന്യൂനപക്ഷ വിഭാഗങ്ങളോട് കരുണ കാണിക്കുന്നതിന്റെ ഭാഗമായി 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യേണ്ടത് ആവശ്യമാണ്.
* സിഎഎ അനിവാര്യമാകുന്നത് എന്തുകൊണ്ട്?
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിച്ച് പൗരത്വ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തിലൊരു നിയമം അനിവാര്യമാണ്. നേരത്തെ 2016 ല്‍ ഈ മൂന്ന് രാജ്യങ്ങളിലെയും ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഇന്ത്യയില്‍ കഴിയാനുള്ള ദീര്‍ഘകാല വിസയ്ക്കും അര്‍ഹരാണെന്ന് പ്രഖ്യാപിച്ചിരുന്നു.
* വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാര്‍ക്ക് ഏതെങ്കിലും വിധത്തില്‍ നിയന്ത്രണം ഉണ്ടാകുമോ?
നിലവിലുള്ള മൗലികാവകാശങ്ങളൊന്നും ഇതുമൂലം നഷ്ടമാകുന്നില്ല. അതുകൊണ്ടു തന്നെ വിദേശ രാജ്യത്ത് നിന്നുള്ള മുസ്ലീം കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള ഏതൊരു വ്യക്തിക്കും നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കുന്നതിന് യാതൊരു തടസവുമില്ല. ഇസ്ലാമിക ആചാര പ്രകാരം ജീവിക്കുന്നവരും ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പീഡനത്തിനിരയാകുന്നുണ്ട്, ഇവര്‍ക്കും നിലവില്‍ രാജ്യത്തുള്ള നിയമങ്ങള്‍ അനുസരിച്ച് തന്നെ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം. സിഎഎ ഇതിന് തടസമാകില്ല.tgy
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്