ന്യൂഡല്‍ഹി: ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രാധികാരമുണ്ടെന്ന് അംഗീകരിച്ചാല്‍ മണിബില്ലുകള്‍ പോലും തടയാനാകുമെന്ന് സുപ്രീം കോടതി. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കവേ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ അധികാരമുണ്ടെങ്കില്‍ മണി ബില്ലുകളും തടയാനാകില്ലേയെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ ചോദിച്ചപ്പോള്‍, അതിന് സാധിക്കുമെന്നാണ് മഹാരാഷ്ട്രയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ മറുപടി നല്‍കിയത്.
മണിബില്ലുകള്‍ അവതരിപ്പിക്കുന്നത് ഗവര്‍ണറുടെ അനുമതിയോടെയായതിനാല്‍ തടഞ്ഞുവെക്കേണ്ടി വരില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഗവര്‍ണര്‍ അനുമതി നല്‍കിയതിനെക്കാള്‍ വ്യത്യസ്തമായ ബില്ലാണ് നിയമസഭ പാസാക്കിയതെങ്കില്‍ മണിബില്ലും തടഞ്ഞുവെക്കാനാകുമെന്ന് സാല്‍വെ വാദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്