ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവന ദാതാവായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലൈസന്‍സ് അനുമതികള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചെന്ന വാര്‍ത്തകള്‍ തള്ളി രംഗത്തെത്തി. ഇന്ത്യന്‍ സര്‍ക്കാരുമായി കമ്പനി ഇപ്പോഴും സജീവവും ഫലപ്രദവുമായ ചര്‍ച്ചകളിലാണെന്നും രാജ്യത്തിന്റെ ഡിജിറ്റല്‍ കണക്റ്റിവിറ്റി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് സ്റ്റാര്‍ലിങ്കിന്റെ ബിസിനസ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ലോറന്‍ ഡ്രെയര്‍ എക്‌സിലൂടെ അറിയിച്ചു. തികച്ചും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ രീതിയിലാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യയിലെ നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും ഇറാനില്‍ സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ ഉപയോഗിക്കപ്പെട്ടു എന്ന തരത്തില്‍ ബ്ലൂംബെര്‍ഗ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം സ്റ്റാര്‍ലിങ്കിന്റെ വാണിജ്യ ലൈസന്‍സ് അനുമതികള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ വിദേശ സര്‍ക്കാരുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ, ഇന്ത്യന്‍ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് യുഎസ് കമ്പനിയായ സ്റ്റാര്‍ലിങ്ക് ഉറപ്പ് നല്‍കണമെന്ന നിബന്ധനയും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.
എന്നാല്‍ ഈ ആശങ്കകളെല്ലാം തള്ളിക്കളഞ്ഞ ലോറന്‍ ഡ്രെയര്‍, ഉള്‍ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് എത്തപ്പെടാത്ത പ്രദേശങ്ങളിലും സ്റ്റാര്‍ലിങ്ക് നല്‍കാന്‍ പോകുന്ന സേവനങ്ങളെക്കുറിച്ച് മികച്ച പ്രതികരണമാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് വ്യക്തമാക്കി. സേവനം എത്രയും വേഗം ഇന്ത്യയില്‍ ലഭ്യമാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് രണ്ട് രീതിയിലാകും സേവനം നല്‍കുക.
ബിസിനസ് (B2B) മോഡലും ഡയറക്ട്-ടു-കണ്‍സ്യൂമര്‍ (D2C) മോഡലും. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ഓഫീസുകള്‍ക്കും വേണ്ടിയുള്ള കണക്ഷനുകളാണ് ബിസിനസ് മോഡലില്‍ ഉള്‍പ്പെടുത്തുന്നത്. കൂടാതെ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികളുമായി സഹകരിച്ചും വിതരണം ചെയ്യും. ഡയറക്ട്-ടു-കണ്‍സ്യൂമര്‍ മോഡലില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കണക്ഷന്‍ നല്‍കുന്ന പ്രീമിയം രീതിയാണ്. ഇതിനായുള്ള വ്യക്തിഗത ഗ്രൗണ്ട് സ്റ്റേഷനുകള്‍ക്ക് 250 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെ (ഏകദേശം 20,000 രൂപ മുതല്‍ 50,000 രൂപ വരെ) ചിലവ് വരും.
തുടക്കത്തില്‍ 600 മുതല്‍ 700 ഏയു െവരെ ബാന്‍ഡ്വിഡ്ത്ത് ലഭ്യമാക്കാനാണ് സ്റ്റാര്‍ലിങ്ക് ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
