അമൃത്സര്‍: മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന് മതപരമായ ശിക്ഷ നല്‍കി സിഖുകാരുടെ പരമോന്നത സംവിധാനമായ അകാല്‍ തഖ്ത്. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെ ശുചിമുറികളും അടുക്കളകളും ശുചീകരിക്കാനാണ് സുഖ്ബീര്‍ സിംഗ് ബാദലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2015ല്‍ വിവാദ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് മാപ്പ് നല്‍കിയതുള്‍പ്പെടെ തെറ്റായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്തതിനാണ് മതപരമായ ശിക്ഷ.
അകല്‍ തഖ്ത് ജതേദാരായ ഗ്യാനി രഗ്ബീര്‍ സിംഗും മറ്റ് നാല് പ്രധാന പുരോഹിതന്മാരും ചേര്‍ന്ന് സുഖ്ബീര്‍ ബാദലിനെ ആഗസ്റ്റ് 30 ന് 'തന്‍ഖയ്യ' (മതപരമായ ദുരാചാരത്തില്‍ കുറ്റവാളി) ആയി പ്രഖ്യാപിച്ചിരുന്നു.
ശിക്ഷയുടെ ഭാഗമായി, സുഖ്ബീര്‍ ബാദലിനും അദ്ദേഹത്തിന്റെ 2015 ലെ പഞ്ചാബ് മന്ത്രിസഭയിലെ നേതാക്കളോടും അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ 'സേവ' (നിസ്വാര്‍ത്ഥ സേവനം) നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശുചിമുറികള്‍ വൃത്തിയാക്കല്‍, പാത്രങ്ങള്‍ കഴുകല്‍, അവരുടെ പ്രവൃത്തികള്‍ക്ക് പ്രായശ്ചിത്തമായി മറ്റ് മതപരമായ ചുമതലകള്‍ ഏറ്റെടുക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സുഖ്ബീര്‍ ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദളിനോട് മൂന്ന് ദിവസത്തിനകം പാര്‍ട്ടി തലവന്റെ രാജി സ്വീകരിക്കാന്‍ അകാല്‍ തഖ്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഉത്തരവ് പാലിക്കാനും അകാല്‍ തഖ്തിന് റിപ്പോര്‍ട്ട് നല്‍കാനും എസ്എഡി വര്‍ക്കിംഗ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.
അന്തരിച്ച മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന് മുമ്പ് നല്‍കിയിരുന്ന അഭിമാനകരമായ 'ഫഖര്‍-ഇ-ക്വാം' (സമൂഹത്തിന്റെ അഭിമാനം) പദവി പോലും അകാലി ഭരണകാലത്തെ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി അകാല്‍ തഖ്ത് പിന്‍വലിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്