മുംബൈ: കുത്തിവെയ്പ്പിനോടുള്ള പേടി കാരണം പ്രതിരോധ മരുന്ന് സ്വീകരിക്കാതിരുന്ന ഒമ്പതുവയസ്സുകാരി പേവിഷബാധയേറ്റ് (Rabies) മരിച്ചു. മുംബൈയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാശിഷ് സഹാനിയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ആറുമാസം മുൻപ് തെരുവുനായയുടെ മാന്തലേറ്റ കുട്ടിക്ക് കൃത്യസമയത്ത് വാക്സിൻ നൽകാത്തതാണ് ദുരന്തത്തിന് കാരണമായത്.
ആറുമാസം മുൻപ് മുത്തച്ഛനൊപ്പം നടക്കാൻ പോയപ്പോഴാണ് കാശിഷിന് തെരുവുനായയുടെ മാന്തലേറ്റത്. മുറിവ് നിസ്സാരമാണെന്ന് തോന്നിയതിനാലും കുത്തിവെയ്പ്പിനോട് കുട്ടിക്ക് വലിയ പേടിയായിരുന്നതിനാലും ബന്ധുക്കൾ വാക്സിൻ നൽകുന്നതിൽ നിർബന്ധം പിടിച്ചില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ മുറിവ് ഉണങ്ങിയതോടെ വീട്ടുകാർ ഈ സംഭവം മറന്നു.
എന്നാൽ ആറുമാസത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായി. കാശിഷ് ഭക്ഷണവും വെള്ളവും കഴിക്കുന്നത് നിർത്തുകയും കണ്ണുകൾ ചുവന്ന നിറമാവുകയും ചെയ്തു. നില ഗുരുതരമായതിനെത്തുടർന്ന് മുംബൈയിലെ കസ്തൂർബ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ മരണത്തെത്തുടർന്ന് കുടുംബാംഗങ്ങളെയും അയൽവാസികളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചു. കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്ക് മുൻകരുതൽ നടപടികൾ സ്വീകരിക്കും.
നായയോ പൂച്ചയോ കടിക്കുകയോ ചെറിയ രീതിയിൽ മാന്തുകയോ ചെയ്താൽ പോലും അത് നിസ്സാരമായി കാണരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ പുറത്തുവന്നു കഴിഞ്ഞാൽ ചികിത്സ ഫലപ്രദമാകില്ലെന്നും, അപകടം നടന്ന ഉടൻ തന്നെ പ്രതിരോധ കുത്തിവെയ്പ്പുകൾ പൂർത്തിയാക്കണമെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
