ലക്നൗ കോച്ചിങ് സെന്റര്‍ ദുരന്തം: കെട്ടിട ഉടമകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍; 16 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത

JUNE 22, 2026, 8:11 PM

ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 15 പേരുടെ മരണത്തിനിടയാക്കിയ കോച്ചിങ് സെന്റര്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകള്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആകെ ആറ് പേര്‍ക്കെതിരെയാണ് ഭാരതീയ ന്യായ സംഹിത അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒളിവില്‍ പോയ മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ലക്നൗ പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ, ജീവന് അപകടമുണ്ടാക്കുന്ന രീതിയിലുള്ള അശ്രദ്ധ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. ഏഴ് ദിവസത്തിനകം സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്.ഐ.ടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്നൗ അലിഗഞ്ചിലെ ഉഷാ മേത്ത മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ഈ മൂന്ന് നില കെട്ടിടത്തിന് 2014 ല്‍ പാര്‍പ്പിട ആവശ്യത്തിനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് പിന്നീട് ഇത് പൂര്‍ണമായും വാണിജ്യ സമുച്ചയമാക്കി മാറ്റുകയായിരുന്നു.

കെട്ടിടം അനധികൃതമായി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടും നടപടിയെടുക്കാതിരുന്ന ലക്നൗ വികസന അതോറിറ്റിയിലെയും മറ്റ് വകുപ്പുകളിലെയും 16 ഓളം ഉദ്യോഗസ്ഥരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ഉടന്‍ നടപടികളുണ്ടാകും. ഷോപ്പിങ് കോംപ്ലക്‌സിലെ എ.സി ഡക്റ്റില്‍ ഉണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആനിമേഷന്‍ കോച്ചിങ് സെന്റര്‍, ഗെയിം സോണ്‍, പെറ്റ് ഷോപ്പ്, ഷോറൂമുകള്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ തീ അതിവേഗം പടരുകയായിരുന്നു. തീപിടിത്തമുണ്ടായതോടെ കെട്ടിടത്തിനുള്ളില്‍ പുക നിറഞ്ഞതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. പലരും രക്ഷപ്പെടാനായി ഒന്നാം നിലയിലെ ജനലുകള്‍ തകര്‍ത്ത് താഴേക്ക് ചാടുകയായിരുന്നു. ശ്വാസം മുട്ടിയാണ് ഭൂരിഭാഗം പേരും മരണപ്പെട്ടത്.

മരിച്ചവരില്‍ ഭൂരിഭാഗവും 16 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് (12 പുരുഷന്മാരും 3 സ്ത്രീകളും). പരിക്കേറ്റ ആറ് വിദ്യാര്‍ത്ഥികളെ ലക്നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ട്രോമ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇതില്‍ താഴേക്ക് ചാടിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതവും കേന്ദ്ര സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam