ചെന്നൈ: ചെന്നൈ നഗരത്തിന്റെ വികസനത്തിൽ വിപ്ലവാത്മക മാറ്റങ്ങൾ ലക്ഷ്യമിട്ട് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ ചട്ടം 110 പ്രകാരമാണ് തമിഴ്‌നാടിന്റെ ഭരണ-കായിക രംഗങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന നിർണ്ണായക പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചത്.
1,200 കോടി രൂപ ചെലവിൽ പുതിയ സംയോജിത സെക്രട്ടേറിയറ്റ് നിർമ്മിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. 20 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന പുതിയ സമുച്ചയത്തിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകളും ഒരു കുടക്കീഴിൽ പ്രവർത്തിക്കും.
നിലവിലെ ആസ്ഥാനമായ ഫോർട്ട് സെന്റ് ജോർജിലെ രൂക്ഷമായ സ്ഥലാപരിമിതി പരിഹരിക്കാനും അടുത്ത 100 വർഷത്തെ ഭരണപരമായ ആവശ്യങ്ങൾ മുൻനിർത്തിയുമാണ് ഈ തീരുമാനം. അതേസമയം, ചരിത്രപ്രസിദ്ധമായ ഫോർട്ട് സെന്റ് ജോർജ് കെട്ടിടം പൈതൃക സ്മാരകമായി സംരക്ഷിക്കും.
കായിക രംഗത്ത് തമിഴ്‌നാടിനെ ആഗോള ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് രണ്ട് വൻകിട പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കായിക താരങ്ങൾക്ക് രാജ്യാന്തര തലത്തിലുള്ള പരിശീലനം, അത്യാധുനിക സ്പോർട്സ് സയൻസ് - മെഡിസിൻ കേന്ദ്രങ്ങൾ, താമസസൗകര്യം എന്നിവയടങ്ങുന്ന സമഗ്ര സ്പോർട്സ് കോംപ്ലക്സ്.
ഫോർമുല 1 (F1), F2, F3, F4 റേസിംഗ് മത്സരങ്ങൾക്ക് വേദിയാകാൻ ശേഷിയുള്ള ഫോർമുല ട്രാക്കും പരിശീലന കേന്ദ്രങ്ങളും ഉൾപ്പെടുന്ന റേസിംഗ് സിറ്റി. ഭരണസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കായിക വിനോദസഞ്ചാരത്തിനും വിദേശ നിക്ഷേപങ്ങൾക്കും വഴിതുറക്കുന്ന രീതിയിലാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
