ബെംഗളൂരു: രാജ്യസഭാ, നിയമസഭാ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കർണാടകയിൽ വീണ്ടും ‘റിസോർട്ട് പൊളിറ്റിക്സ്’ സജീവമാകുന്നു. ക്രോസ് വോട്ടിംഗ് സാധ്യത ഒഴിവാക്കുന്നതിനായി കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇതിന്റെ ഭാഗമായി കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. ബെംഗളൂരുവിന് സമീപത്തെ ബിദടിയിലെ വണ്ടർല റിസോർട്ടിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രണദീപ് സിംഗ് സുർജേവാല എന്നിവർ പങ്കെടുക്കും.
ഒഴിവുള്ള ഏഴ് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി രണ്ട് സ്ഥാനാർഥികളെയും ജെഡിഎസ് ഒരു സ്ഥാനാർഥിയെയും മത്സരിപ്പിക്കുന്നുണ്ട്. നിയമസഭയിലെ നിലവിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ നാല് സീറ്റുകളിൽ കോൺഗ്രസിന്റെ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ.
എന്നാൽ ഒരു സീറ്റുകൂടി സ്വന്തമാക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനൊപ്പം ക്രോസ് വോട്ടിംഗ് ഒഴിവാക്കാനുമാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നത്. ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡയ്ക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് രൂപപ്പെട്ട അസംതൃപ്തി രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനാകുമോയെന്ന കണക്കുകൂട്ടലും കോൺഗ്രസ് നടത്തുന്നുണ്ട്. ജൂൺ 18ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ എംഎൽഎമാർ റിസോർട്ടിൽ തുടരുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
