ന്യൂഡല്‍ഹി: രാജ്യത്ത് കടലാസ് നോട്ടുകള്‍ക്ക് പകരം കൂടുതല്‍ ദീര്‍ഘായുസ്സുള്ള പോളിമര്‍ കറന്‍സി നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ 10 രൂപ, 20 രൂപ മൂല്യമുള്ള 100 കോടി വീതം, ആകെ 200 കോടി നോട്ടുകളാണ് പുറത്തിറക്കുന്നത്. ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചത്.
കടലാസ് നോട്ടുകള്‍ പെട്ടെന്ന് അഴുക്കുപിടിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഈടുനില്‍ക്കുന്ന പോളിമര്‍ നോട്ടുകള്‍ പരീക്ഷിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. ഉയര്‍ന്ന അളവില്‍ കറന്‍സി വിനിമയം നടക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ പ്ലാസ്റ്റിക്കിലേക്ക് മാറ്റുന്നത് അവയുടെ ആയുസ്സ് വര്‍ധിപ്പിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ഈ പരീക്ഷണം വിജയകരമായാല്‍ മാത്രമേ വരുംദിവസങ്ങളില്‍ പോളിമര്‍ നോട്ടുകള്‍ കൂടുതല്‍ വിപുലമായി വിപണിയിലെത്തിക്കൂ.
അതേസമയം പ്ലാസ്റ്റിക് നോട്ടുകള്‍ വരുന്നതോടെ കടലാസ് നോട്ടുകള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കുമെന്ന അഭ്യൂഹങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. നിലവിലുള്ള കടലാസ് നോട്ടുകള്‍ക്കൊപ്പം സമാന്തരമായാണ് പ്ലാസ്റ്റിക് നോട്ടുകളും വിനിമയം ചെയ്യപ്പെടുക. കടലാസ് കറന്‍സികള്‍ പൂര്‍ണ്ണമായും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു. പുതിയ മാറ്റം ഡിജിറ്റല്‍ ഇടപാടുകളെ ബാധിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും നോട്ടുകള്‍ വിപണിയില്‍ സജീവമായ ശേഷമേ ഇക്കാര്യം വിലയിരുത്താനാകൂ എന്നും ആര്‍ബിഐ വ്യക്തമാക്കി.
കറന്‍സികളും ഡിജിറ്റല്‍ പേയ്മെന്റുകളും ഒരേസമയം പരസ്പരപൂരകമായി നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1988 ല്‍ ഓസ്ട്രേലിയയില്‍ ആരംഭിച്ച പോളിമര്‍ കറന്‍സി സമ്പ്രദായം നിലവില്‍ യുകെ, കാനഡ ഉള്‍പ്പെടെ അറുപതോളം രാജ്യങ്ങളില്‍ വിജയകരമായി ഉപയോഗിച്ചു വരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
