മുംബൈ: ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന്റെ സുവര്‍ണ കാലഘട്ടത്തെ തനത് ശബ്ദം കൊണ്ട് ധന്യമാക്കിയ പ്രശസ്ത പിന്നണി ഗായിക സുമന്‍ കല്യാണ്‍പുര്‍ (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ മുംബൈ ലോഖണ്ഡ്വാലയിലെ സ്വവസതിയില്‍വെച്ചായിരുന്നു അന്ത്യം.
മുംബൈയിലെ വിലേ പാര്‍ലെയിലുള്ള പവന്‍ഹംസ് ശ്മശാനത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പ്രശസ്ത വ്യവസായി അന്തരിച്ച രാമാനന്ദ് കല്യാണ്‍പുര്‍ ആണ് ഭര്‍ത്താവ്. മകള്‍ ചാരു അഗ്‌നി.
'ആജ് കല്‍ തേരേ മേരേ പ്യാര്‍ കെ ചര്‍ച്ചേ', 'തുംനെ പുകാരേ ഔര്‍ ഹം ചലെ ആയേ', 'നാ നാ കര്‍തേ പ്യാര്‍' തുടങ്ങി തലമുറകള്‍ നെഞ്ചിലേറ്റിയ അനശ്വര ഗാനങ്ങളിലൂടെ ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന പ്രതിഭയായിരുന്നു സുമന്‍. 1960-70 കാലഘട്ടങ്ങളിലെ ഇന്ത്യന്‍ സിനിമാ സംഗീത ലോകത്തായിരുന്നു സുമന്‍ കല്യാണ്‍പുരിന്റെ ശബ്ദം ഏറ്റവും കൂടുതല്‍ ശ്രദ്ധേയമാകുന്നത്. സംഗീത സാമ്രാജ്യത്തില്‍ ലതാ മങ്കേഷ്‌കര്‍ എന്ന അതികായ പ്രഭ പരത്തി നിന്നിരുന്ന കാലത്ത്, ലതയോട് സദൃശ്യമായ ശബ്ദമാധുരിയുണ്ടായിട്ടും തന്റെ തനതായ ശൈലിയിലൂടെ ഗാനലോകത്ത് സ്വന്തമായി ഒരിടം നേടിയെടുക്കാന്‍ സുമന് കഴിഞ്ഞു.
ലതാ മങ്കേഷ്‌കറുമായുള്ള ശബ്ദ സാദൃശ്യം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും, തന്റെ കൃത്യമായ ഉച്ചാരണ ശുദ്ധി കൊണ്ടും വൈകാരികമായ ആലാപന ശൈലി കൊണ്ടും അവര്‍ ആരാധകരെ കെട്ടിപ്പടുത്തു. ഇന്ത്യന്‍ സംഗീത ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി 2023 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
അവിഭക്ത ഇന്ത്യയിലെ ധാക്കയില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) ജനിച്ച സുമന്‍ പിന്നീട് മുംബൈയിലേക്ക് മാറുകയും ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രരചന അഭ്യസിക്കുകയും ചെയ്തിരുന്നു. ഹിന്ദിക്ക് പുറമെ മറാഠി, അസമീസ്, കന്നഡ, ബംഗാളി, ഗുജറാത്തി, ഭോജ്പുരി, ഒഡിയ തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭജനുകള്‍, ഗസലുകള്‍ എന്നിവയിലും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു.
മുഹമ്മദ് റാഫി, മുകേഷ്, മന്ന ഡേ, തലത് മഹ്മൂദ് തുടങ്ങിയ പ്രഗത്ഭ ഗായകര്‍ക്കൊപ്പം സുമന്‍ പാടിയ യുഗ്മഗാനങ്ങള്‍ ഇന്നും ജനപ്രിയമായി തുടരുന്നു. 1960 കളില്‍ ലതയും റാഫിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ കാലത്ത് മുഹമ്മദ് റാഫിയോടൊപ്പം സുമന്‍ പാടിയ നൂറിലധികം യുഗ്മഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സുമന്‍ കല്യാണ്‍പുരിന്റെ നിര്യാണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ശരദ് പവാര്‍ തുടങ്ങി രാഷ്ട്രീയ-ചലച്ചിത്ര-സംഗീത രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യന്‍ ശാസ്ത്രീയ-ലളിത സംഗീതത്തിലെ ഒരു സുവര്‍ണ അധ്യായത്തിനാണ് സുമന്റെ വിയോഗത്തോടെ തിരശീല വീഴുന്നത് എന്ന് പ്രമുഖര്‍ അനുസ്മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
