ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലി രാജ്യത്ത് കനത്ത പ്രതിഷേധം ഉയരുമ്പോഴും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ കൈവിടാൻ തയ്യാറാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്ന മന്ത്രിയുടെ രാജി ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രിയുടെ വരാനിരിക്കുന്ന ഔദ്യോഗിക ഫ്രാൻസ് സന്ദർശനത്തിലും ധർമേന്ദ്ര പ്രധാൻ ഒപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള വൻ യുവജന സമ്മേളനമായ 'മേരാ യുവ ഭാരത് കൺവെൻഷൻ' ഇന്ന് ഡൽഹിയിൽ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറായിരത്തോളം പ്രതിനിധികളാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന് തലസ്ഥാനത്ത് നടക്കും. നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളെ തുടർന്ന് രാജ്യത്ത് ആറോളം വിദ്യാർത്ഥികൾ ഇതിനകം ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്.
പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാനായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ ഡൽഹിയിലെത്തും. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി ജന്തർമന്തിറിലെ പ്രതിഷേധ പരിപാടികൾക്ക് അനുമതി വാങ്ങാനാണ് അദ്ദേഹത്തിന്റെ നീക്കം. ചില കടുത്ത ഉപാധികളോടെ പോലീസ് അനുമതി നൽകിയേക്കുമെന്നാണ് വിവരം.
പ്രതിഷേധ സാധ്യതകൾ കണക്കിലെടുത്ത് ഡൽഹി വിമാനത്താവളത്തിൽ അസാധാരണമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് പോലീസ് നടത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള വലിയൊരു പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതിനിടെ, സിബിഎസ്ഇ പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ തകരാറുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പൂർണ്ണമായും സുരക്ഷിതമാണ്. സിബിഎസ്ഇ ആദ്യമായി നടപ്പിലാക്കിയ ഒഎസ്എം സംവിധാനത്തിലാണ് വീഴ്ച പറ്റിയത്. ഈ പുതിയ ഡിജിറ്റൽ സംവിധാനത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായതാണ് പ്രതിസന്ധിക്ക് കാരണം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പൂർണ്ണമായി പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
