ന്യൂഡെല്‍ഹി: ട്രംപിന്റെ ഏകപക്ഷീയമായ താരിഫ് പ്രഖ്യാപനങ്ങള്‍ യുഎസ്-ഇന്ത്യ ബന്ധം മോശമാക്കവെ പ്രധാനന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കും. ജപ്പാന്‍ സന്ദര്‍ശനത്തിനൊപ്പമാണ് മോദി ചൈനയിലേക്കും പോകുന്നത്.
2018 ന് ശേഷം പ്രധാനമന്ത്രി മോദിയുടെ ചൈനയിലേക്കുള്ള ആദ്യ യാത്രയായിരിക്കും ഇത്. 2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2017 ല്‍ ഡോക്‌ലാം സംഘര്‍ഷമുണ്ടായതോടെ ഇന്ത്യ-ചൈന ബന്ധം വഷളായി. 2019 ല്‍ ഇന്ത്യ സന്ദര്‍ശിച്ച പ്രസിഡന്റ് ഷിയുടെ പ്രധാന ലക്ഷ്യം ഈ പ്രശ്‌നം പരിഹരിക്കുകയെന്നതായിരുന്നു. എന്നാല്‍ ഷിയുടെ സന്ദര്‍ശനത്തിന് മാസങ്ങള്‍ക്കുള്ളില്‍, 2020 ഏപ്രില്‍-മെയ് മാസങ്ങളില്‍ ലഡാക്ക് സെക്ടറില്‍ ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരും കുറഞ്ഞത് നാല്‍പ്പത് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതും ഉഭയകക്ഷി ബന്ധം ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിച്ചു.
അതിര്‍ത്തി പ്രദേശത്തു നിന്ന് ഇരു രാജ്യങ്ങളും സൈനികരെ പിന്‍വലിച്ചെങ്കിലും ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനെ പിന്തുണച്ച ചൈനയുടെ നടപടിയും ദലൈലാമയെ സന്ദര്‍ശിച്ച ഇന്ത്യന്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയതും പരസ്പര വിശ്വാസം ഇടിക്കുന്ന സംഭവങ്ങളായിരുന്നു. പുതിയ ഭൗമരാഷ്ട്രീയ സാഹചര്യം യുഎസിനെതിരായ ഒരു ഇന്ത്യ-റഷ്യ-ചൈന അച്ചുതണ്ടിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
