രജൗരി: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ കീടനാശിനി സ്റ്റോറുകള്‍ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. ജില്ലയിലെ ബദാല്‍ ഗ്രാമത്തില്‍ അജ്‍ഞാത രോഗം ബാധിച്ച് 17 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. കീടനാശിനി, വളം എന്നിവ വില്‍ക്കുന്ന സ്റ്റോറുകളില്‍ ബുധനാഴ്ച്ച അപ്രതീക്ഷിത പരിശോധന നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സ്റ്റോറുകള്‍ അടച്ചു പൂട്ടാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷി വകുപ്പും ഭക്ഷ്യ വകുപ്പും പൊലീസും ഉള്‍പ്പെടുന്ന സംഘം ഒരേ സമയം ജില്ലയുടെ പല ഭാഗങ്ങളിലായി പരിശോധന നടത്തിയാണ് നടപടികൾ സ്വീകരിച്ചത്.
250 ഓളം ഷോപ്പുകളിലാണ് ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രോഗബാധയെ തുടര്‍ന്ന് ഗവണ്‍മെന്‍റ് മെഡിക്കല്‍ കൊളേജില്‍ അഡ്മിറ്റ് ചെയ്തവരെ ഡിസ്ചാര്‍ജ് ചെയ്തു. ഡിസംബര്‍ ഏഴ് മുതല്‍ ജനുവരി 19 വരെ രജൗരിയില്‍ മരിച്ചത് 17 പേരാണ്. മൂന്ന് കുടുംബങ്ങളില്‍ പെട്ടവരാണ് മരിച്ചവര്‍. ഇവരില്‍ 13 കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.
ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും വിവാഹ സദ്യ കഴിച്ചവരാണ് മരിച്ചവരെല്ലാം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിവാഹം നടന്ന വീട്ടിലെ ഗൃഹനാഥന്‍ അടക്കം അഞ്ചുപേരാണ് ആദ്യം ഇരയായത്. തുടര്‍ന്ന് അയല്‍പ്പക്കത്തെ രണ്ടു കുടുംബങ്ങളില്‍നിന്നായി 12 പേര്‍ മരണപ്പെട്ടു. സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചവരാണ് പൊടുന്നനെ ബോധരഹിതരായി മരിച്ചത്.
ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം എന്നീ ലക്ഷണങ്ങളാണ് രോഗികളില്‍ കണ്ടത്. ലക്നൗവിലെ സിഎസ്ഐആര്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വിഷവസ്തു അകത്ത് ചെന്നതാണ് മരണ കാരണം എന്നാണ് കണ്ടെത്തിയത്. ഗ്രാമത്തിലെ പൊതു ജലസംഭരണിയില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ ബദാല്‍ ഗ്രാമത്തിലെത്തി പരിശോധന നടത്തുകയും രോഗബാധിതരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്