ഡൽഹി: ഇന്ത്യൻ മണ്ണിൽ കടന്നുകയറി പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് അതിശക്തമായ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ തിരിച്ചടി നൽകിയത്. സൈനിക ആക്രമണത്തിലൂടെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വെച്ചത്.
അതേസമയം ഈ സൈനിക നീക്കത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ടതിന് പിന്നിലും വൈകാരികമായ കാരണമുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പേര് തിരഞ്ഞെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. ഭീകരവാദികൾ നമ്മുടെ സ്ത്രീകളെ വിധവകളാക്കി. അതിനുള്ള പ്രതികാരമാണിതെന്ന് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി ഈ പേര് നിർദ്ദേശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
വിവാഹിതരായ ഹിന്ദു സ്ത്രീകൾ നെറ്റിയിൽ അണിയുന്നതാണ് സിന്ദൂരം. ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളുൾപ്പെടെ 26 നിരപരാധികളെയാണ് തീവ്രവാദികൾ വെടിവച്ചുകൊന്നത്. പുരുഷൻമാരെയാണ് ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത് എന്നത് ശ്രദ്ധേയമായിരുന്നു.
ഈ ആക്രമണത്തിലൂടെ നിരവധി സ്ത്രീകൾക്കാണ് അവരുടെ ഭർത്താക്കൻമാരെ നഷ്ടമായത്. ഭർത്താവിന്റെ മൃതദേഹത്തിനരികെ കരഞ്ഞുതളർന്നിരുന്ന ഹിമാൻഷിയുടെ ചിത്രവും രാജ്യം മറക്കില്ല. വിവാഹം കഴിഞ്ഞ് ആറാം നാളാണ് നേവിയിൽ ലഫ്റ്റ്നൻറ് കേണലായിരുന്ന വിനയ് നർവാൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹശേഷം മധുവിധു ആഘോഷിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്. വിനയ് നർവാളിന്‍റെ മൃതദേഹത്തിനരികെയിരുന്ന ഹിമാൻഷിയുടെ ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ഉള്ള പ്രതികാര മറുപടി എന്ന നിലയ്ക്കാണ് ദൗത്യത്തിന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിട്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്