ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ക്രിമിനൽ നടപടി ചട്ടം (CrPC) സെക്ഷൻ 125 പ്രകാരം (നിലവിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - BNSS സെക്ഷൻ 144) അമ്മായിയപ്പനോ അമ്മായിയമ്മയ്ക്കോ മരുമകളിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അവകാശമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ജസ്റ്റിസ് മദൻ പാൽ സിംഗിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം. ജീവനാംശം ആവശ്യപ്പെടുന്നത് ഒരു നിയമപരമായ അവകാശമാണെന്നും, അത് നിയമത്തിൽ കൃത്യമായി പരാമർശിച്ചിട്ടുള്ള വ്യക്തികൾക്ക് മാത്രമേ ബാധകമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ വിഭാഗത്തിൽ അമ്മായിയമ്മയോ അമ്മായിയപ്പനോ ഉൾപ്പെടുന്നില്ല. ധാർമ്മികമായ ബാധ്യതകൾ എത്രത്തോളം ഗൗരവമുള്ളതാണെങ്കിലും, നിയമപരമായ ചട്ടക്കൂടുകൾ ഇല്ലാത്ത പക്ഷം അവ നടപ്പിലാക്കാൻ കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് നിരീക്ഷിച്ചു.
ആഗ്രയിലെ ഒരു വൃദ്ധ ദമ്പതികൾ തങ്ങളുടെ മരുമകൾക്കെതിരെ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ ഉത്തരവ്. ഉത്തർപ്രദേശ് പോലീസിൽ കോൺസ്റ്റബിളായ മരുമകൾക്ക് മതിയായ വരുമാനമുണ്ടെന്നും മരിച്ച മകന്റെ സർവീസ് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.
തങ്ങൾ പ്രായമായവരും നിരക്ഷരരും വരുമാനമില്ലാത്തവരുമാണെന്നും അവർ വാദിച്ചു. എന്നാൽ,മരുമകൾക്ക് ജോലി ലഭിച്ചത് ഭർത്താവിന്റെ മരണത്തെത്തുടർന്നുള്ള ആശ്രിത നിയമനം വഴിയാണെന്ന് തെളിയിക്കാൻ രേഖകളില്ലെന്നും കോടതി വ്യക്തമാക്കി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇത്തരം ജീവനാംശ കേസുകളിൽ പരിഗണിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
