ന്യൂഡല്‍ഹി: രാജ്യത്തെ കടക്കാരുടെ എണ്ണം കൂടിയതായി നബാര്‍ഡ് സര്‍വേ. കുടുംബങ്ങളുടെ ശരാശരി മാസ വരുമാനം അഞ്ച് വര്‍ഷക്കാലയളവില്‍ 57.6 ശതമാനം വര്‍ധിച്ചെന്ന നബാര്‍ഡ് സര്‍വേ റിപ്പോര്‍ട്ടില്‍ വൈരുധ്യങ്ങളായ കണക്കുകളും. വിവിധ സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ ഒരു ലക്ഷം വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, കുടുംബങ്ങളുടെ ഭക്ഷണ ഉപഭോഗം 2016-17 കാലത്തെ 51 ശതമാനത്തില്‍ നിന്ന് 2021-22 കാലത്ത് 47 ശതമാനമായി കുറഞ്ഞെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമീണ കുടുംബങ്ങളുടെ വരുമാനം കൂടിയെന്ന് പറയുമ്പോഴും കടവും ചെവലും കൂടിയതും ഭക്ഷണ ഉപഭോഗവും ഭൂസ്വത്തുക്കളും കുറഞ്ഞതും ഫലത്തില്‍ കണക്കുകളിലെ വൈരുധ്യമാണ് ചൂണ്ടിക്കാണിക്കുന്നത്. വിവിധ സൂചികകളുടെ അടിസ്ഥാനത്തിലുള്ള വീടുകളുടെ തിരഞ്ഞെടുപ്പില്‍ പാളിച്ച പറ്റിയാലും ഇങ്ങനെ സംഭവിക്കാം. നഗരത്തോട് അടുത്ത ഗ്രാമങ്ങളിലെ വീടുകള്‍, വീട്ടില്‍ ആകെ താമസിക്കുന്ന അംഗങ്ങള്‍, മറ്റിടങ്ങളില്‍ പഠിക്കാനും തൊഴിലിനും പോയവര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാവണം തിരഞ്ഞെടുപ്പ്.
കടക്കെണിയിലായ കുടുംബങ്ങളുടെ ശതമാനവും ഇക്കാലയളവില്‍ 47.4-ല്‍ നിന്ന് 52.2 ശതമാനമായി. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത കാര്‍ഷിക കുടുംബങ്ങള്‍ 60.5 ശതമാനത്തില്‍ നിന്ന് 75.5 ശതമാനമായി ഉയര്‍ന്നു. കാര്‍ഷികേതര വായ്പയും ഇത്തരം കുടുംബങ്ങളില്‍ 56.7 ശതമാനത്തില്‍ നിന്ന് 72.7 ശതമാനമായി. അതേസമയം കാര്‍ഷിക കുടുംബങ്ങള്‍ സ്ഥാപനങ്ങളില്‍ നിന്നല്ലാതെയെടുക്കുന്ന വായ്പ 30.3 ശതമാനത്തില്‍ നിന്ന് 23.4 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്.
മാസ കുടുംബവരുമാനം 8059 രൂപയില്‍നിന്ന് 12,698 രൂപയായാണ് കൂടിയത്. എന്നാല്‍, വിലക്കയറ്റവും പണപ്പെരുപ്പവുമൊക്കെ കാരണം ചെലവാകുന്ന മാസ തുക 6646 രൂപയില്‍ നിന്ന് 11,262 രൂപയായി. ഫലത്തില്‍ വര്‍ധന കുടുംബങ്ങളില്‍ പ്രകടമാവില്ലെന്നാണിത് സൂചിപ്പിക്കുന്നത്. 1.08 ഹെക്ടറില്‍നിന്ന് 0.74 ഹെക്ടറായി ശരാശരി ഭൂസ്വത്തും കുറഞ്ഞു.
അതേസമയം കാര്‍ഷിക വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ കേരളവും സ്ഥാനം പിടിച്ചിട്ടുണ്ട്. കാര്‍ഷിക വൃത്തിയിലൂടെ മാത്രം വരുമാനം ഏറ്റവും കൂടിയ മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പഞ്ചാബ് (31,433 രൂപ), ഹരിയാന (25,655 രൂപ), കേരളം (22,757 രൂപ) എന്നിങ്ങനെയാണിത്. ബിഹാര്‍ (9252), ഒഡിഷ (9290), ഝാര്‍ഖണ്ഡ് (9787), ത്രിപുര (9643) എന്നിങ്ങനെയാണ് മറ്റ് കണക്ക്.
എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ഇന്‍ഷുറന്‍സ് ഉള്ള അംഗങ്ങളുള്ള കുടുംബങ്ങളുടെ അനുപാതം വര്‍ധിച്ചു. 25.5 ശതമാനത്തില്‍ നിന്ന് 80.3 ശതമാനമായാണിത് കൂടിയത്. ഏതെങ്കിലും തരത്തിലുള്ള പെന്‍ഷന്‍ (വൃദ്ധാവസ്ഥ, കുടുംബം, വിരമിക്കല്‍, വൈകല്യം മുതലായവ) ലഭിക്കുന്ന അംഗങ്ങളുള്ള കുടുംബങ്ങളുടെ എണ്ണവും കൂടി. 2016-'17-ലെ 18.9 ശതമാനത്തില്‍ നിന്ന് 2021-'22-ല്‍ 23.5 ശതമാനമായാണ് വര്‍ധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്