ന്യൂഡെല്‍ഹി: ഡെല്‍ഹി വഖഫ് ബോര്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡെല്‍ഹിയിലെ റൗസ് അവന്യൂ കോടതി ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് അമാനത്തുള്ള ഖാന് ജാമ്യം അനുവദിച്ചു. ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു.
ഖാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി റോസ് അവന്യൂ കോടതി ഖാനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടു. അനുബന്ധ കുറ്റപത്രത്തില്‍ പേരുള്ള മറിയം സിദ്ദിഖിക്കെതിരെ കേസുമായി മുന്നോട്ടുപോകാന്‍ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
ഓഖ്ലയില്‍ 36 കോടി രൂപ വിലമതിക്കുന്ന ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.
ഖാനും സിദ്ദിഖിക്കുമെതിരെ ഇഡി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എഎപി നേതാവിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള ശരിയായ അനുമതി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് ഇയാളെ ഉടന്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്.
ഖാനെതിരേ മതിയായ തെളിവുകളുണ്ടെന്ന് കോടതി അംഗീകരിച്ചെങ്കിലും ആവശ്യമായ അനുമതികളില്ലാതെ വിചാരണ തുടരാനാവില്ലെന്ന് ബെഞ്ച്് ഊന്നിപ്പറഞ്ഞു. ആവശ്യമായ അനുമതി ലഭിച്ചുകഴിഞ്ഞാല്‍, കുറ്റപത്രം പരിഗണിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി വഖഫ് ബോര്‍ഡ് കേസുമായി ബന്ധപ്പെട്ട് 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം സെപ്തംബര്‍ രണ്ടിന് ഈ കേസുമായി ബന്ധപ്പെട്ട് അമാനത്തുള്ള ഖാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഖാന്‍ വഖഫ് ബോര്‍ഡിലുണ്ടായിരുന്ന (2016-2021) കാലത്ത് അഴിമതിയിലൂടെ നേടിയ ഫണ്ട് വെളുപ്പിച്ചെന്നും പണം റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനായി ഉപയോഗിച്ചെന്നും ഇഡി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്