ന്യൂഡെല്‍ഹി: 2016 ല്‍ ബംഗ്ലാദേശിലെ ധാക്ക കഫേ ആക്രമണത്തിലും ഭീകരര്‍ പഹല്‍ഗാമിന് സമാനമായി ആളുകളോട് കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് പ്രവാസിയായ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍. ഇസ്ലാമിസ്റ്റുകള്‍ ഉള്ളിടത്തോളം കാലം തീവ്രവാദം നിലനില്‍ക്കുമെന്നും ബംഗ്ലാദേശില്‍ നിന്ന് മതതീവ്രവാദികളുടെ ഭീഷണി മൂലം ഇന്ത്യയില്‍ അഭയം തേടിയ തസ്ലീമ പറഞ്ഞു. ഡെല്‍ഹി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു തസ്ലീമ.
'1,400 വര്‍ഷമായി ഇസ്ലാം പരിണമിച്ചിട്ടില്ല. അത് സംഭവിക്കുന്നതുവരെ, അത് തീവ്രവാദികളെ വളര്‍ത്തുന്നത് തുടരും. 2016 ലെ ധാക്ക ആക്രമണത്തില്‍, കലിമ ചൊല്ലാന്‍ കഴിയാത്തതിനാല്‍ മുസ്ലീങ്ങളെ കൊന്നൊടുക്കി. യുക്തിയെയും മനുഷ്യത്വത്തെയും മറികടക്കാന്‍ മതവിശ്വാസത്തെ അനുവദിക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്.' തസ്ലീമ പറഞ്ഞു.
'യൂറോപ്പില്‍, ക്രിസ്ത്യന്‍ പള്ളികള്‍ മ്യൂസിയങ്ങളായി മാറിയിരിക്കുന്നു, പക്ഷേ ഇസ്ലാമിസ്റ്റുകള്‍ എല്ലായിടത്തും പള്ളികള്‍ പണിയുന്ന തിരക്കിലാണ്. ആയിരക്കണക്കിന് പള്ളികളുണ്ട്, അവര്‍ക്ക് ഇനിയും വേണം. അവര്‍ ഉത്പാദിപ്പിക്കുന്നത് ജിഹാദികളെയാണ്. കുട്ടികള്‍ ഒരു പുസ്തകമല്ല, എല്ലാ പുസ്തകങ്ങളും വായിക്കണം.' തസ്ലീമ പറഞ്ഞു.
ദൈവനിന്ദ ആരോപിച്ച് 1994 ല്‍ നാടുകടത്തപ്പെട്ട നസ്രിന്‍ സ്വീഡനിലും യുഎസിലും ഇന്ത്യയിലുമായാണ് താമസിക്കുന്നത്. 'ഞാന്‍ അമേരിക്കയിലെ സ്ഥിര താമസക്കാരിയാണ്, 10 വര്‍ഷമായി അവിടെ താമസിച്ചു, പക്ഷേ എനിക്ക് എപ്പോഴും ഒരു പുറംനാട്ടുകാരിയെപ്പോലെ തോന്നി. കൊല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് എനിക്ക് വീട്ടില്‍ വന്നതായി തോന്നിയത്. പശ്ചിമ ബംഗാളില്‍ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷവും എനിക്ക് ഡെല്‍ഹിയില്‍ മറ്റൊരു വീട് ലഭിച്ചു. എന്റെ സ്വന്തം രാജ്യത്തിന് കഴിയാത്ത ഒരു സ്വന്തമെന്ന ബോധം ഈ രാജ്യം എനിക്ക് നല്‍കി. ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. അത് സ്വന്തം വീട് പോലെ തോന്നുന്നു,' തസ്ലീമ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്