ന്യൂഡെല്‍ഹി: ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായിയെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. ഔദ്യോഗിക വിജ്ഞാപനമനുസരിച്ച് മെയ് 14 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിലവിലുള്ള ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കും.
ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടാമത്തെ ചീഫ് ജസ്റ്റിസായിരിക്കും ജസ്റ്റിസ് ബി ആര്‍ ഗവായി.
പ്രോട്ടോക്കോള്‍ അനുസരിച്ച്, ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പേര് ഏപ്രില്‍ 16 ന് സിജെഐ ഖന്ന കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.
നിലവിലെ ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ഗവായിക്ക് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കും. ഡിസംബര്‍ 23 ന് 65 വയസ്സ് തികയുമ്പോള്‍ അദ്ദേഹം പദവിയില്‍ നിന്ന് വിരമിക്കും.
1960 നവംബര്‍ 24 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജനിച്ച ജസ്റ്റിസ് ഗവായി 1985 ല്‍ നിയമ ജീവിതം ആരംഭിച്ചു. 1987 ല്‍ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്ര പ്രാക്ടീസ് ആരംഭിക്കുന്നതിന് മുമ്പ് മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന പരേതനായ രാജ എസ് ബോണ്‍സാലെയോടൊപ്പം അദ്ദേഹം തുടക്കത്തില്‍ പ്രവര്‍ത്തിച്ചു.
1992 ഓഗസ്റ്റില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. പിന്നീട് 2000-ല്‍ അതേ ബെഞ്ചില്‍ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി.
2003 നവംബര്‍ 14-ന് ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഗവായ് 2005-ല്‍ സ്ഥിരം ജഡ്ജിയായി. മുംബൈയിലെ ഹൈക്കോടതിയുടെ പ്രിന്‍സിപ്പല്‍ സീറ്റിലും നാഗ്പൂര്‍, ഔറംഗാബാദ്, പനാജി എന്നിവിടങ്ങളിലെ ബെഞ്ചുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2019 മെയ് 24-ന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്