ന്യൂഡെല്‍ഹി: ചിറ്റഗോങ്ങിലെ അഭിഭാഷകന്റെ കൊലപാതകത്തെയും ഹിന്ദു സന്യാസി ചിന്‍മോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെയും അപലപിച്ച് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ചിന്‍മോയ് കൃഷ്ണ ദാസിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഹസീന ആവശ്യപ്പെട്ടു. നിരവധി പ്രതിപക്ഷ നേതാക്കളും വിദ്യാര്‍ത്ഥികളും ആക്രമിക്കപ്പെടുകയും അറസ്റ്റുചെയ്യപ്പെടുകയും ചെയ്യുന്നുവെന്നും അത്തരം 'അരാജകത്വ പ്രവര്‍ത്തനങ്ങള്‍' അവസാനിപ്പിക്കണമെന്നും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓഗസ്റ്റില്‍ അക്രമാസക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന ഡെല്‍ഹിയില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സംരക്ഷണത്തിലാണ് ഇപ്പോഴുള്ളത്.
'സനാതന മതവിഭാഗത്തിലെ ഒരു ഉന്നത നേതാവിനെ അന്യായമായി അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണം. ചിറ്റഗോങ്ങില്‍ ഒരു ക്ഷേത്രം കത്തിച്ചു. മുമ്പ് അഹമ്മദിയ സമുദായത്തിന്റെ പള്ളികള്‍, ആരാധനാലയങ്ങള്‍, പള്ളികള്‍, ആശ്രമങ്ങള്‍, വീടുകള്‍ എന്നിവ ആക്രമിക്കപ്പെടുകയും നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. മതസ്വാതന്ത്ര്യവും എല്ലാ സമുദായക്കാരുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണം,' ഹസീന പ്രസ്താവനയില്‍ പറഞ്ഞു.
ചൊവ്വാഴ്ച, സുരക്ഷാ സേനയും ചിന്‍മോയ് കൃഷ്ണ ദാസിന്റെ അനുയായികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സൈഫുല്‍ ഇസ്ലാം എന്ന അഭിഭാഷകന്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. രാജ്യദ്രോഹക്കേസില്‍ ചിറ്റഗോംഗ് കോടതി ദാസിന് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
ഭരണഘടനാ വിരുദ്ധമായി അധികാരം പിടിച്ചെടുത്ത മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്