ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിലെ വിഒസി നഗറിനടുത്തുള്ള മലയടിവാരത്തില്‍ വന്‍ മണ്ണിടിച്ചിലില്‍ ഏഴംഗ കുടുംബം കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് മൂലമുള്ള പേമാരിയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പ്രദേശത്തെ മൂന്ന് വീടുകളാണ് പെട്ടത്.
ജില്ലാ കളക്ടര്‍ ഭാസ്‌കര്‍ പാണ്ഡ്യനും പ്രാദേശിക രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) സമ്പൂര്‍ണ രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരിക്കുകയാണ് ആളുകള്‍.
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ശനിയാഴ്ച വൈകുന്നേരം പുതുച്ചേരിക്ക് സമീപം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലാണ് കര തൊട്ടത്. മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുകയും ഇടയ്ക്ക് 90 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുകയും ചെയ്തു. ചുഴലിക്കാറ്റ് മൂലം വടക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ പെയ്തു.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, പുതുച്ചേരി തുടങ്ങി നിരവധി ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുന്നു. ചെന്നൈയിലും മറ്റ് തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങളെയും എന്‍ഡിആര്‍എഫിനെയും ദുര്‍ബല പ്രദേശങ്ങളിലേക്ക് വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ സൈന്യവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങിയിട്ടുണ്ട്.
പുതുച്ചേരിയില്‍ കൃഷ്ണനഗര്‍, കുബേര്‍ നഗര്‍, ജീവ നഗര്‍ ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് 600 പേരെ രക്ഷപ്പെടുത്തി. ദുരിതബാധിതര്‍ക്ക് സൈന്യം അടിയന്തര ഭക്ഷണവും വെള്ളവും വൈദ്യസഹായവും നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്