നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ ടെലഗ്രാമിൽ വിറ്റു; 19-കാരൻ അറസ്റ്റിൽ

JUNE 19, 2026, 5:26 AM

ജയ്പുർ: നീറ്റ് യുജി പുനഃപരീക്ഷയുടെ പേരിൽ വ്യാജ ചോദ്യപ്പേപ്പർ ടെലഗ്രാം വഴി വിറ്റഴിച്ചെന്ന ആരോപണത്തിൽ 19-കാരനെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഭിൽവാരയിലെ പട്ടേൽ നഗർ സ്വദേശിയായ ആകാശ് ചൗധരിയാണ് പിടിയിലായത്.

ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ മുന്നിൽക്കണ്ടാണ് പ്രതി ഉദ്യോഗാർഥികളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒരു ചോദ്യപ്പേപ്പറിന് 4,000 രൂപ വീതമാണ് ഇയാൾ ഈടാക്കിയിരുന്നത്.

ദില്ലിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഭിൽവാരയിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണ് ആകാശ് ചൗധരിയെ കസ്റ്റഡിയിലെടുത്തത്.

vachakam
vachakam
vachakam

പൊലീസ് പറയുന്നതനുസരിച്ച്, ‘പേപ്പർ മാഫിയ’ എന്ന ടെലഗ്രാം ചാനൽ ഉപയോഗിച്ചാണ് വ്യാജ ചോദ്യപ്പേപ്പറുകളുടെ വിൽപ്പന നടന്നത്. അന്വേഷണത്തിൽ ചാനലിൽ 52 അംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയത്.

തിരിച്ചറിയൽ ഒഴിവാക്കാൻ യുഎസ് ആസ്ഥാനമായുള്ള വിപിഎൻ സേവനങ്ങളും പ്രോക്സി നെറ്റ്‌വർക്കുകളും ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പണമിടപാടുകൾ ക്യൂആർ കോഡ് വഴിയായിരുന്നു നടത്തിയിരുന്നത്.

ജയ്പുരിൽ മത്സരപരീക്ഷകൾക്കായി പരിശീലനം നടത്തിവരികയായിരുന്ന ആകാശ്, നീറ്റ് പരിശീലന പുസ്തകങ്ങളിലെ ചോദ്യങ്ങൾ സ്കാൻ ചെയ്ത് യഥാർത്ഥ ചോദ്യപ്പേപ്പറാണെന്ന് അവകാശപ്പെട്ട് വിൽക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

vachakam
vachakam
vachakam

സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് ഇയാൾ ജയ്പുരിൽ നിന്ന് ഭിൽവാരയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.

റെയ്ഡിനിടെ പ്രതിയുടെ മൊബൈൽ ഫോൺ, നീറ്റ് പഠനസാമഗ്രികൾ, വിവിധ രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ട് ഇടപാടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുവരികയാണ്.

എത്രപേരെ കബളിപ്പിച്ചു, എത്ര തുക സമാഹരിച്ചു, തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

പ്രതിക്കെതിരെ ഐടി ആക്ടും പബ്ലിക് എക്സാമിനേഷൻ ആക്ടും ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഭിൽവാരയിൽ താമസിക്കുന്ന കുടുംബത്തിന്റെ സ്വദേശം രാജസ്ഥാനിലെ ഛുരു ജില്ലയിലെ റാവത്സർ പ്രദേശമാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 25 വർഷത്തിലേറെയായി കുടുംബം ഭിൽവാരയിലാണ് താമസിച്ചുവരുന്നത്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ചോദ്യപ്പേപ്പറുകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് രാജസ്ഥാൻ പൊലീസ് മുന്നറിയിപ്പ് നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam