ന്യൂഡല്‍ഹി: സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ട്രസ്റ്റ് വഴി സംഭാവനകളുടെ ഒഴുക്കെന്നാണ് റിപ്പോര്‍ട്ട്. 2024-25 വര്‍ഷം ഇലക്ടറല്‍ ട്രസ്റ്റ് വഴി ലഭിച്ചത് 3811 കോടി രൂപയാണ്. ഇതില്‍ 82 ശതമാനവും (3112 കോടി) ഭരണകക്ഷിയായ ബിജെപിക്കാണ്. കോണ്‍ഗ്രസിന് എട്ടു ശതമാന(299 കോടി)ത്തില്‍ താഴെയും. ബാക്കി 400 കോടി മറ്റെല്ലാ പാര്‍ട്ടികള്‍ക്കുമായി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഒന്‍പത് ഇലക്ടറല്‍ ട്രസ്റ്റുകള്‍ നല്‍കിയ സംഭാവന തിരഞ്ഞെടുപ്പ് കമ്മിഷനാണ് പുറത്തുവിട്ടത്. 2023-24 വര്‍ഷത്തില്‍ ഇത് 1218 കോടി രൂപയായിരുന്നു. 2023-24 വര്‍ഷം ബിജെപിക്ക് 3967.14 കോടി രൂപയായിരുന്നു വിവിധ കേന്ദ്രങ്ങള്‍ സംഭാവനയായി നല്‍കിയത്. ഇതില്‍ 43 ശതമാനം (1685.62 കോടി രൂപ) ഇലക്ടറല്‍ ബോണ്ട് വഴിയായിരുന്നു. ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2024-ല്‍ സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയിരുന്നു.
ബിജെപിക്ക് പ്രധാന സംഭാവന നല്‍കിയത് പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ്- 2180.07 കോടി രൂപ. കോണ്‍ഗ്രസ്, ടിഎംസി, എഎപി, ടിഡിപി, മറ്റ് പാര്‍ട്ടികള്‍ എന്നിവയ്ക്കും പ്രൂഡന്റ് സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ അവരുടെ മൊത്തം സംഭാവനയായ 2668 കോടി രൂപയുടെ 82 ശതമാനവും ബിജെപിക്കാണ്. പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് 914.97 കോടി രൂപ സംഭാവന നല്‍കി. ഇതില്‍ 80.82 ശതമാനം ബിജെപിക്കായിരുന്നു.
ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ടാറ്റ സ്റ്റീല്‍സ് ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, ടാറ്റ പവര്‍ കമ്പനി ലിമിറ്റഡ് എന്നിവ ഉള്‍പ്പെടെയുള്ള ടാറ്റ ഗ്രൂപ്പ് കമ്പനികളാണ് പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റിലേക്ക് പ്രധാനമായും സംഭാവന നല്‍കിയത്. നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ടറല്‍ ട്രസ്റ്റുകള്‍ക്ക് വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും സംഭാവന സ്വീകരിക്കാം. ഇതില്‍ 95 ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികള്‍ക്ക് കൈമാറണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
