കടിച്ച ആപ്പിൾ അണികൾക്ക് എറിഞ്ഞുനൽകി; ഡികെ ശിവകുമാറിനെതിരെ വിമർശനം

JUNE 9, 2026, 6:00 AM

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ പൊതുചടങ്ങിനിടെ ആപ്പിൾ കടിച്ച ശേഷം അണികൾക്ക് നേരെ എറിഞ്ഞുനൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിവാദം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ കനകപുരയിലെ ഹൊരഹള്ളി ഗ്രാമം സന്ദർശിക്കുന്നതിനിടെയാണ് സംഭവം നടന്നത്.

പ്രദേശത്ത് എത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. സ്വീകരണത്തിന്റെ ഭാഗമായി പ്രാദേശിക നേതാക്കളും പ്രവർത്തകരും ചേർന്ന് പുഷ്പങ്ങളും ആപ്പിളുകളും കോർത്ത വലിയ ഗജമാല അണിയിച്ചു. ഇതിനിടെയാണ് മാലയിൽ നിന്ന് ഒരു ആപ്പിൾ എടുത്ത ഡികെ ശിവകുമാർ അത് കടിച്ച ശേഷം ജനക്കൂട്ടത്തിലേക്ക് എറിഞ്ഞുനൽകിയത്. പിന്നാലെ മറ്റൊരു ആപ്പിളും ഇതേ രീതിയിൽ കടിച്ച് അണികൾക്ക് നേരെ എറിയുന്നതും വീഡിയോയിൽ കാണാം.

താഴെയുണ്ടായിരുന്ന പ്രവർത്തകർ ആവേശത്തോടെ ആപ്പിളുകൾ കൈക്കലാക്കാൻ ശ്രമിച്ചതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തുവന്നതോടെ അനുകൂലവും പ്രതികൂലവുമായി നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

പൊതുവേദിയിൽ ഒരാൾ പകുതി കഴിച്ച ഭക്ഷണം ജനങ്ങൾക്ക് നേരെ എറിയുന്നത് ഉചിതമല്ലെന്നാണ് വിമർശകരുടെ അഭിപ്രായം. ഒരു മുഖ്യമന്ത്രിയിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തപരമായ പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും വിമർശനം ഉയരുന്നു. പ്രതിപക്ഷമായ ബിജെപിയും വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. അധികാരത്തിന്റെ അഹങ്കാരമാണ് ഈ പ്രവൃത്തിയിലൂടെ പ്രകടമായതെന്നും പൊതുപ്രവർത്തകരുടെ പെരുമാറ്റച്ചട്ടങ്ങളെ ഇത് ചോദ്യം ചെയ്യുന്നതാണെന്നും ബിജെപി ആരോപിച്ചു.

അതേസമയം, സംഭവത്തെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കുകയാണെന്നാണ് ഡികെ ശിവകുമാറിനെ പിന്തുണക്കുന്നവരുടെ പ്രതികരണം. ജനങ്ങളുമായുള്ള സ്വാഭാവികവും അനൗപചാരികവുമായ ഇടപെടലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി അങ്ങനെ ചെയ്തതെന്നും അതിൽ മറ്റ് അർത്ഥങ്ങൾ കാണേണ്ടതില്ലെന്നും അവർ വാദിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam