ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകളുടെ വിശദാംശങ്ങൾ കൈമാറാൻ സുപ്രീംകോടതി നിർദേശം നൽകി.
ഇത്തരം കേസുകളുടെ അന്വേഷണച്ചുമതല സി.ബി.ഐക്കു കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള എല്ലാ കേസുകളും കൈകാര്യം ചെയ്യാനുള്ള വിഭവങ്ങൾ സിബിഐക്ക് ഉണ്ടോയെന്നു വ്യക്തമാക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. നിലവിൽ ഇത്തരം കേസുകൾ സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ ബെഞ്ചിനെ അറിയിച്ചതിനെത്തുടർന്നാണു നടപടി.
കേസിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ ഏകീകൃത അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഇത്തരം കേസുകളിൽ സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കണമെന്നും അതിനാൽ ഇപ്പോൾ നിർദേശങ്ങളൊന്നും പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തുടനീളം വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരേ സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞമാസം കേന്ദ്ര ഏജൻസികളുടെ പേരിൽ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഒന്നരക്കോടി രൂപ തങ്ങളിൽനിന്നും കവർന്നുവെന്നു ചൂണ്ടിക്കാട്ടി വൃദ്ധദമ്പതികൾ ചീഫ് ജസ്റ്റീസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
