ന്യൂഡല്‍ഹി: ദേശീയ ഗീതമായ വന്ദേമാതരത്തിന് അര്‍ഹമായ നിയമ പരിരക്ഷ ഉറപ്പാക്കാനും ഗാനത്തെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ബില്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ ചരിത്രപരമായ ഭേദഗതി ബില്‍ സഭയുടെ മുന്നില്‍ വെയ്ക്കുക.
വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് രാജ്യം ഈ നിര്‍ണായക നിയമ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ദേശീയഗാനമായ ജനഗണമനയ്ക്ക് നിലവില്‍ ഭരണഘടനയും നിയമവ്യവസ്ഥയും നല്‍കുന്ന അതേ പദവിയും ആദരവും വന്ദേമാതരത്തിനും ലഭ്യമാക്കുക എന്നതാണ് പുതിയ ഭേദഗതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി 1971 ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയല്‍ നിയമത്തിലാണ് (Prevention of Insults to National Honour Act) കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്.
നിലവിലെ നിയമപ്രകാരം ദേശീയ പതാക, ഇന്ത്യന്‍ ഭരണഘടന, ദേശീയഗാനം എന്നിവയെ അപമാനിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും ദേശീയഗീതമായ വന്ദേമാതരത്തിന് ഇത്തരം പ്രത്യേക നിയമപരിരക്ഷകള്‍ ഉണ്ടായിരുന്നില്ല. പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ വന്ദേമാതരത്തെ അവഹേളിക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും.
വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നവര്‍ക്കെതിരെയും പുതിയ നിയമം വഴി കര്‍ശനമായ നടപടിയുണ്ടാകും. ഗീതം ആലപിക്കുന്ന ഒരു ചടങ്ങില്‍ മനപൂര്‍വ്വം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതോ അത് പാടുന്നത് വിലക്കുന്നതോ ശിക്ഷാര്‍ഹമായ കുറ്റമായി മാറും. ദേശീയഗാനം ആലപിക്കുന്ന എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരവും ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമപരമായ പരിരക്ഷയും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
