ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല; 2018 ലെ ഉത്തരവ് റദ്ദാക്കി സിഐസി

MAY 18, 2026, 5:57 AM

ന്യൂഡല്‍ഹി: ഭാരതീയ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI) വിവരാവകാശ (ആര്‍.ടി.ഐ) നിയമത്തിന്റെ പരിധിയില്‍ വരുന്ന 'പബ്ലിക് അതോറിറ്റി' അല്ലെന്ന് വ്യക്തമാക്കി സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ (CIC). അതുകൊണ്ട് തന്നെ വിവരാവകാശ നിയമപ്രകാരം ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബിസിസിഐ ബാധ്യസ്ഥരല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ഭരണത്തിലും അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ പങ്കാളിത്തത്തിലും ബിസിസിഐ സുപ്രധാനമായ പൊതുചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ കേവലം പൊതുപ്രാധാന്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നു എന്നതുകൊണ്ട് മാത്രം ഒരു സ്ഥാപനത്തെ വിവരാവകാശ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.
ഉത്തരവിന് പിന്നിലെ നിയമപരമായ കാരണങ്ങളില്‍ ഒന്ന് ബിസിസിഐ ഒരു സര്‍ക്കാര്‍ സ്ഥാപനമല്ല എന്നതാണ്. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 2(h) പ്രകാരം ബിസിസിഐ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ, സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ളതോ ആയ സ്ഥാപനമല്ല. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വലിയ തോതില്‍ സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങളുടെ പട്ടികയിലും ബിസിസിഐ ഉള്‍പ്പെടുന്നില്ല.

ഏതധികാരത്തിന്റെ പരിധിയിലാണ് ബിസിസിഐ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് സിഐസിയുടെ പുതിയ ഉത്തരവ്. ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന 2018 ലെ സിഐസി ഉത്തരവാണ് ഇതോടെ റദ്ദാക്കപ്പെടുന്നത്. അന്ന് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായിരുന്ന പ്രൊഫ. എം. ശ്രീധര്‍ ആചാര്യുലു ബിസിസിഐയില്‍ വിവരാവകാശ ഓഫീസര്‍മാരെ നിയമിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഈ ഉത്തരവിനെതിരെ ബിസിസിഐ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ കോടതി ഈ വിഷയം സുപ്രീം കോടതി നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ പുനപരിശോധിക്കാന്‍ സിഐസിക്ക് കൈമാറി. ഇതിന്മേല്‍ നടത്തിയ വിശദമായ പരിശോധനകള്‍ക്കൊടുവിലാണ് ബിസിസിഐക്ക് അനുകൂലമായ പുതിയ ഉത്തരവ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam