ഡൽഹി: ഇന്ത്യ-പാക് കലുഷിത സാഹചര്യങ്ങൾക്കിടെ ബ്രഹ്മോസ് ക്രൂസ് മിസൈലുകളുടെ പുതിയ യൂണിറ്റ് രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 300 കോടി രൂപ ചെലവില്‍ ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് പുതിയ യൂണിറ്റ് സജ്ജമായിരിക്കുന്നത്. ബ്രഹ്മോസ് മിസൈലുകളുടെ കരുത്തുറ്റ പുതിയ വകഭേദമായ ബ്രഹ്മോസ്-നെക്സ്റ്റ് ജനറേഷൻ മിസൈലുകള്‍ ഈ യൂണിറ്റില്‍ വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ.
വീഡിയോ കോൺഫറൻസിലൂടെയാണ് ബ്രഹ്മോസ് മിസൈലുകളുടെ പുതിയ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിനും ഉത്തർപ്രദേശിനും ഇന്ന് ചരിത്രനിമിഷമാണെന്ന് ഉദ്ഘാടനവേളയിൽ മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിൽ നേരിട്ട് പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഡൽഹിയിൽ ഉണ്ടായിരിക്കുന്നത് പ്രധാനമായതിനാൽ നേരിട്ടെത്താൻ സാധിച്ചില്ല. അതിനാലാണ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നടത്തിയതെന്നും പുതിയ ബ്രഹ്മോസ് യൂണിറ്റ് സൈന്യത്തിൻ്റെ കരുത്ത് കൂട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെയും റഷ്യയുടെയും പ്രതിരോധ വിഭാഗങ്ങള്‍ സംയുക്തമായി രൂപീകരിച്ച ബ്രഹ്മോസ് എയ്റോസ്പേസിന്‍റെ ഏറ്റവും നൂതനമായ നെക്സ്റ്റ് ജനറേഷൻ ബ്രഹ്മോസ് മിസൈലുകളാണ് പുതിയ യൂണിറ്റില്‍ വികസിപ്പിക്കുക. 290 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയും, പരമാവധി 2.8 മാക് വേഗതയും പുതിയ ബ്രഹ്മോസ്-എൻജി മിസൈലുകള്‍ക്ക് ഉണ്ടാകും.
കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ബ്രഹ്മോസ് മിസൈലുകളുടെ കരുത്തുറ്റ വകഭേദമായിരിക്കും ഇത്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ സജ്ജമാക്കിയ കേന്ദ്രത്തിൽ മിസൈൽ നിർമ്മാണ യൂണിറ്റിന് പുറമേ, മിസൈല്‍ സാങ്കേതിക-പരീക്ഷണ കേന്ദ്രമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ഇന്‍റഗ്രേഷൻ & ടെസ്റ്റിംഗ് ഫെസിലിറ്റിയും ഒരുക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്