ഇന്‍സ്റ്റഗ്രാം വഴി പാക് ബന്ധം: രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ദമ്പതികള്‍ ഡല്‍ഹിയില്‍ പിടിയില്‍

AUGUST 28, 2026, 10:16 PM

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളെയും സൈനിക നീക്കങ്ങളെയും കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ചാര സംഘടനയ്ക്ക് ചോര്‍ത്തി നല്‍കിയ യുവദമ്പതികളെ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. സരായ് കലേ ഖാനിലെ ചാന്ദ് ബീബി ക്യാമ്പില്‍ താമസിക്കുന്ന സാഹില്‍ (25), ഭാര്യ സമീറ (21) എന്നിവരാണ് രാജ്യത്തെ വഞ്ചിച്ച് പാക് ഏജന്റുമാര്‍ക്കായി ചാരവൃത്തി നടത്തുന്നതിനിടെ വലയിലായത്.

2024 മുതല്‍ പാകിസ്ഥാന്റെ ചാരശൃംഖലയായ ഐ.എസ്.ഐയുടെ സജീവ പങ്കാളികളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇരുവരും. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പാക് ഏജന്റുമാരുമായി ബന്ധം സ്ഥാപിച്ചത്. 2022 ല്‍ സമീറ വഴിയാണ് പാക് ഏജന്റുമായി ആദ്യം ബന്ധപ്പെടുന്നത്. തുടര്‍ന്ന് 2024 ല്‍ ഇന്‍സ്റ്റഗ്രാമിലൂടെ സാഹില്‍ ഇവരുമായി നേരിട്ട് ആശയവിനിമയം ആരംഭിക്കുകയായിരുന്നു. പാക് ഏജന്റാണ് അവിടുത്തെ ഇന്റലിജന്‍സ് വിഭാഗത്തിന് ദമ്പതിമാരെ പരിചയപ്പെടുത്തിയത്. വന്‍ തുക വാഗ്ദാനം ചെയ്താണ് ഇവരെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയത്.

ഇന്ത്യയിലെ സ്ലീപ്പര്‍ സെല്ലുകള്‍ക്കും പാക് ഏജന്റുമാര്‍ക്കും സുരക്ഷിതമായി ആശയവിനിമയം നടത്തുന്നതിനായി ദമ്പതിമാര്‍ വ്യാജ വഴികളിലൂടെ ഇന്ത്യന്‍ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കി. 2024 നും 2025 നും ഇടയില്‍ എട്ടോളം ഇന്ത്യന്‍ സിംകാര്‍ഡുകള്‍ ദുബായ് വഴി പാകിസ്ഥാനിലേക്ക് അയച്ചു കൊടുത്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് പാക് ഏജന്റുമാര്‍ വാട്സാപ്പ് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും എന്‍ക്രിപ്റ്റഡ് പ്ലാറ്റ്ഫോമുകള്‍ വഴി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തത്. ഇതിന് ഇവര്‍ക്ക് പാകിസ്ഥാനില്‍ നിന്ന് പ്രതിഫലവും ലഭിച്ചു.

സൈനിക കന്റോണ്‍മെന്റ് മേഖലകള്‍ നിരീക്ഷിക്കുക, ചാരവൃത്തിക്കായി പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുക എന്നി നിര്‍ണായക ചുമതലകളാണ് സാഹിലിന് ലഭിച്ചിരുന്നത്. കൂടാതെ കോര്‍ട്ട് മാര്‍ഷല്‍ നടപടി നേരിടുന്ന ഇന്ത്യന്‍ സൈനികരുടെ വിവരങ്ങളും പ്രതിരോധ സ്ഥാപനങ്ങളെയും സൈനിക നീക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങളും സാഹില്‍ പാക് ഏജന്റുമാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

ആദ്യം അറസ്റ്റിലായ സാഹിലിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ചാരപ്രവര്‍ത്തനത്തിന്റെ തെളിവുകള്‍ പൊലീസ് പുറത്തെടുത്തത്. ഈ പരിശോധനയിലൂടെയാണ് ഭാര്യ സമീറയ്ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എ ബിരുദം നേടിയ സാഹില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തൊഴില്‍ രഹിതനാണ്. സമീറ നോയ്ഡയിലെ ഒരു കോള്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നത്.

സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam