'സമയം കളയാനില്ല, കോടതി വിധിയില്‍ തൃപ്തന്‍, ഇനി അപ്പീലിന് പോകുന്നില്ല'; വധശിക്ഷ ചോദിച്ച് വാങ്ങി പ്രതി

APRIL 24, 2025, 1:50 PM

അലബാമ: സമയം കളയാല്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് വധശിക്ഷ ഏറ്റുവാങ്ങി പ്രതി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജെയിംസ് ഓസ്ഗുഡാണ് കോടതി വിധിയില്‍ താന്‍ തൃപ്തനാണെന്നും അതിനെ മറികടക്കാനായി ഇനി അപ്പീലുമായി പോകുന്നില്ലെന്നും പറഞ്ഞത്. അലബാമയിലെ ചില്‍റ്റണ്‍ കൗണ്ടിയിലെ കോടതിയാണ് 2014 ല്‍ ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.

2018 ല്‍ താന്‍ സമര്‍പ്പിച്ച അപ്പീലുകളെല്ലാം പിന്‍വലിച്ച് ഇയാള്‍ ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചതോടെ വധശിക്ഷ ശരിവച്ചു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതില്‍ വിശ്വസിക്കുന്നു. താന്‍ ഒരാളുടെ ജീവനെടുത്തു എന്നത് സത്യമാണ്. വെറുതെ തന്റെയും മറ്റുള്ളവരുടെയും സമയം കളയാന്‍ താല്‍പര്യമില്ല. താന്‍ ചെയ്ത തെറ്റിന് ആത്മാര്‍ഥമായും ക്ഷമ ചോദിക്കുന്നുവെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് ഇയാളെ അറ്റമോറിലെ വില്യം ഹോള്‍മാന്‍ ജയിലില്‍ വിഷം കുത്തിവച്ച് വധിക്കും.

അലബാമ സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ വധശിക്ഷയാണിത്. കഴിഞ്ഞ വര്‍ഷം ആറ് പേരെയാണ് ഇവിടെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വധശിക്ഷ കാത്ത് കിടക്കുന്നതും ഇവിടെയാണ്.

2010 ലാണ് ഓസ്ഗുഡ് തന്റെ കാമുകി ടോന്യ വാന്‍ഡിക്കെയ്ക്കൊപ്പം ട്രേസി ലിന്‍ വില്‍മണ്‍ എന്ന യുവതിയെ കൊലപ്പെടുത്തിയത്. ടോന്യയുടെ ബന്ധുവാണ് ട്രേസി. ടോന്യയുടെ ആഗ്രഹപ്രകാരം ട്രേസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും ഇരുവരും ചേര്‍ന്ന് ട്രേസിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. അക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ച ട്രേസിയുടെ കഴുത്ത് ഓസ്ഗുഡ് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊന്നത് താനാണെങ്കിലും ടോന്യേയുടെ ആഗ്രഹപ്രകാരമാണ് ട്രേസിയെ ബലാത്സംഗം ചെയ്തതെന്ന് ഓസ്ഗുഡ് വാദിച്ചു. കൊലപ്പെടുത്താന്‍ കാമുകി തന്നെ പ്രേരിപ്പിച്ചെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി കൂടെ കൂട്ടുകയായിരുന്നുവെന്നായിരുന്നു ടോന്യെയുടെ വാദം. ഒടുവില്‍ ബലാത്സംഗംത്തിനും കൊലപാതകത്തിനും ഓസ്ഗുഡിന് വധശിക്ഷ നല്‍കി. അതിക്രമിച്ച് കയറിയതിനും ബലാത്സംഗത്തിനും കൊലപാതകത്തിന് കൂട്ട് നിന്നതിനും ടോന്യേയ്ക്ക് ജീവപര്യന്തം ശിക്ഷയും നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam