ബറേലി: രക്ഷാബന്ധന് ആഘോഷത്തിന്റെ ഭാഗമായി ജനപ്രതിനിധിക്ക് രാഖി കെട്ടാനെത്തിയ ജനക്കൂട്ടത്തിനിടയിലേക്ക് സൗജന്യ സമ്മാനങ്ങള്‍ എറിഞ്ഞു കൊടുത്തത് ദുരന്തത്തില്‍ കലാശിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സംഘടിപ്പിച്ച ചടങ്ങിലുണ്ടായ ശക്തമായ തിക്കിലും തിരക്കിലും പെട്ട് മധു (45) എന്ന സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും കാര്‍മികത്വത്തില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളോ സുരക്ഷയോ ഒരുക്കാതിരുന്നതാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷ അണച്ചുകളഞ്ഞത്.
ബറേലി കോര്പ്പറേഷന് ബിജെപി മേയര്‍ ഉമേഷ് ഗൗതം, മകന് പാര്‍ഥ് ഗൗതം എന്നിവര്‍ ചേര്‍ന്ന് യുവ സേവക് സംഘ്, പാര്‍ഥ് ഗൗതം ഫൗണ്ടേഷന് എന്നിവയുടെ ബാനറിലാണ് ബറേലി ക്ലബ് ഗ്രൗണ്ടില്‍ കൂറ്റന്‍ രക്ഷാബന്ധന് സംഗമം സംഘടിപ്പിച്ചത്. മേയര്‍ക്കും മകനും രാഖി കെട്ടുന്നതിനായി നഗരത്തില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഇരുപതിനായിരത്തോളം സ്ത്രീകള്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയിരുന്നത്. രാവിലെ പത്തു മണിയോടെ ശാന്തമായി ആരംഭിച്ച ചടങ്ങ്, ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ നിയന്ത്രണാതീതമായി മാറി. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും കുട്ടികളും ഒഴുകിയെത്തിയതോടെ മൈതാനം ജനസമുദ്രമായി.
രാഖി കെട്ടാന്‍ എത്തുന്നവര്‍ക്ക് സൗജന്യ സാരികളും സമ്മാനങ്ങളും വിതരണം ചെയ്യുന്നുണ്ടെന്ന പ്രഖ്യാപനമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. സമ്മാനങ്ങള്‍ കൈക്കലാക്കാനുള്ള തത്രപ്പാടില്‍ ആളുകള്‍ തള്ളിക്കയറുകയും പലരും ബോധരഹിതരായി നിലത്തുവീഴുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം പരിപാടി നടന്ന സ്ഥലം ഭീതിയുടെയും നെട്ടോട്ടങ്ങളുടെയും വേദിയായി മാറിയപ്പോഴും അടിയന്തര സുരക്ഷ സംവിധാനങ്ങളോ വൈദ്യസഹായമോ ലഭ്യമാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല.
പരിപാടിക്ക് യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നില്ലെന്നും സംഘാടകരുടെ അനാസ്ഥയാണ് സഹോദരിയുടെ ജീവനെടുത്തതെന്നും മരിച്ച മധുവിന്റെ സഹോദരന് ആരോപിച്ചു. എന്നാല്‍ അപകടത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ മേയര്‍ തയ്യാറായിട്ടില്ല. സ്ത്രീ മരിച്ചത് പരിപാടിയില്‍ പങ്കെടുത്തതുകൊണ്ടല്ലെന്ന പരസ്യമായ തള്ളിക്കളയലാണ് മേയറുടെ ഭാഗത്തുനിന്നുണ്ടായത്. ജനങ്ങളെ കൂട്ടത്തോടെ ക്ഷണിച്ചുവരുത്തി സമ്മാനങ്ങള്‍ കാട്ടി ആകര്‍ഷിച്ച് അപകടത്തിലേക്ക് തള്ളിവിട്ട ശേഷം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഭരണാധികാരികള്‍ കൈകഴുകുന്നത് നീതീകരിക്കാനാകില്ലെന്നാണ് പ്രാദേശികമായി ഉയര്‍ന്നുവരുന്ന പ്രതിഷേധം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
