ടെഹ്റാന്‍: ഇറാന്റെ ഖാര്‍ഗ് ഐലന്‍ഡിലെ കരയിലുള്ള സംഭരണികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ണ്ണമായും നിറയുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കടലില്‍ കപ്പലുകളില്‍ എണ്ണ സൂക്ഷിക്കുന്ന 'ഫ്‌ലോട്ടിംഗ് സ്റ്റോറേജ്' രീതിയിലേക്ക് കടന്ന് ഇറാന്‍. അമേരിക്കന്‍ ഉപരോധം മൂലം കയറ്റുമതി മന്ദഗതിയിലായതോടെയാണ് ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ സൂക്ഷിക്കാന്‍ ഇറാന് സ്ഥലം ഇല്ലാത്ത അവസ്ഥയിലെത്തിയത്.
1996ല്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ ക്രൂഡ് ഓയില്‍ കപ്പലായ എംടി നാഷയെ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കി കടലില്‍ എണ്ണ സംഭരിക്കാനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ഏകദേശം 330 മീറ്ററിലധികം നീളമുള്ള ഈ കപ്പല്‍ വര്‍ഷങ്ങളായി നിഷ്‌ക്രിയമായി കിടക്കുകയായിരുന്നു.
ഇറാന്റെ എണ്ണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് പേര്‍ഷ്യന്‍ ഗള്‍ഫിലെ ഖാര്‍ഗ് ഐലന്‍ഡ്. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ കേന്ദ്രം വഴിയാണ്. നിലവില്‍ 13 ദശലക്ഷം ബാരല്‍ എണ്ണ സൂക്ഷിക്കാനുള്ള ശേഷി മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. പ്രതിദിനം 10 മുതല്‍ 11 ലക്ഷം ബാരല്‍ വരെ എണ്ണ ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതേ വേഗതയില്‍ തുടര്‍ന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഖാര്‍ഗ് ഐലന്‍ഡിലെ സംഭരണികള്‍ നിറയും.
സംഭരണികള്‍ നിറഞ്ഞാല്‍ ഇറാനിലെ എണ്ണക്കിണറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ രാജ്യം നിര്‍ബന്ധിതമാകും. ഇത് എണ്ണപ്പാടങ്ങള്‍ക്ക് ദീര്‍ഘകാല കേടുപാടുകള്‍ വരുത്താനും ഭാവിയിലെ ഉല്‍പ്പാദന ശേഷി കുറയാനും കാരണമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
