മോദിയോട് ചോദിച്ച ചോദ്യങ്ങള്‍ ലോക ശ്രദ്ധ നേടി; നോര്‍വീജിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ അക്കൗണ്ട് പൂട്ടി മെറ്റാ 

MAY 20, 2026, 3:32 AM

ഓസ്ലോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംയുക്ത പത്രസമ്മേളനത്തിനിടെ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ്ങിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റാ സസ്‌പെന്‍ഡ് ചെയ്തു. ഓസ്ലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ദിനപത്രമായ 'ഡാഗ്സാവിസെന്റെ' റിപ്പോര്‍ട്ടറായ ഹെല്ലെയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് മെറ്റാ പൂട്ടിയത്.

തന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ നഷ്ടപ്പെട്ട വിവരം സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അവര്‍ ലോകത്തെ അറിയിച്ചത്. എന്നാല്‍, ഇതിനെ മാധ്യമസ്വാതന്ത്ര്യത്തിന് നല്‍കേണ്ടി വന്ന ചെറിയ വിലയായിട്ടാണ് കാണുന്നതെന്ന് ഹെല്ലെ പ്രതികരിച്ചു.

'നിങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ എന്നെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍, എന്റെ രണ്ട് അക്കൗണ്ടുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പത്ര സ്വാതന്ത്ര്യത്തിന് നമ്മള്‍ നല്‍കേണ്ടി വരുന്ന ഒരു ചെറിയ വിലയാണിത്. എന്നാല്‍ ഇതുപോലൊരു അനുഭവം എന്റെ ജീവിതത്തില്‍ മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല.' - ഹെല്ലെ ലിങ് കുറിച്ചു.

നോര്‍വെ പ്രധാനമന്ത്രി എാനാസ് ഗാര്‍ സ്റ്റോറുമായി നടത്തിയ സംയുക്ത വാര്‍ത്താ കുറിപ്പ് വായനയ്ക്ക് ശേഷം, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദി വിടാനൊരുങ്ങിയപ്പോഴാണ് ഹെല്ലെ ചോദ്യവുമായി രംഗത്തെത്തിയത്. 'ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ടാണ് താങ്കള്‍ മറുപടി നല്‍കാത്തത്?' എന്നായിരുന്നു ഹെല്ലെയുടെ ചോദ്യം. ഈ വീഡിയോ മിനിറ്റുകള്‍ക്കകം ആഗോളതലത്തില്‍ തരംഗമായി മാറി.

ഇതിനുപുറമെ, വിഷയം വിശദീകരിക്കാനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുചേര്‍ത്ത പ്രസ് ബ്രീഫിങ്ങിലും ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ലിങ് ശക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സംഭവം വിവാദമായതോടെ ഹെല്ലെ ലിങ്ങിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടന്നത്. ബീജിങ്ങിനേയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും പുകഴ്ത്തിക്കൊണ്ട് അവര്‍ മുന്‍പ് എഴുതിയ ലേഖനങ്ങള്‍ ചൂണ്ടിക്കാട്ടി, ഹെല്ലെ വെറുമൊരു മാധ്യമപ്രവര്‍ത്തകയല്ലെന്നും 'വിദേശ ചാരയും' 'ചൈനീസ് പ്രോക്‌സി'യുമാണെന്നും ചില ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഹെല്ലെ ലിങ് പൂര്‍ണ്ണമായി നിഷേധിച്ചു.

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നഷ്ടപ്പെടുകയും കടുത്ത ഓണ്‍ലൈന്‍ ആക്രമണം നേരിടേണ്ടി വരികയും ചെയ്‌തെങ്കിലും ഹെല്ലെ ലിങ്ങിന് വലിയ രീതിയിലുള്ള ജനപിന്തുണയും ലഭിക്കുന്നുണ്ട്. എക്‌സ് അക്കൗണ്ടില്‍ അവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഒറ്റരാത്രികൊണ്ട് 45,000-ത്തിലധികമായിട്ടാണ് വര്‍ദ്ധിച്ചത്. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായാണ് ഈ അക്കൗണ്ട് സസ്‌പെന്‍ഷനെ അന്താരാഷ്ട്ര മാധ്യമ ലോകം വിലയിരുത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam