ലണ്ടന്‍: ലോക പ്രശസ്തമായ 'പാര്‍ട്ടി റോക്ക് ആന്തം' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് പോപ്പ് ഗായിക ലോറന്‍ ബെന്നറ്റ് (37) അന്തരിച്ചു. മെയ് 29-ന് ഇംഗ്ലണ്ടിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ഒക്ടോബറില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അന്വേഷണം നടക്കും. ലോറന്‍ ബെന്നറ്റിന്റെ വിയോഗവാര്‍ത്ത അവരുടെ മുന്‍ സംഗീത ബാന്‍ഡായ ജി.ആര്‍.എല്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്.
തങ്ങളുടെ പ്രിയപ്പെട്ട ലോറന്റെ വിയോഗത്തില്‍ അതിയായ ദുഖമുണ്ടെന്നും അവളുടെ ഓര്‍മ്മകള്‍ എക്കാലവും നിലനില്‍ക്കുമെന്നും ബാന്‍ഡ് അംഗങ്ങളായ എമ്മലിന്‍ എസ്ട്രാഡ, നടാഷ സ്ലേറ്റണ്‍, പോള വാന്‍ ഓപ്പണ്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 2011 ല്‍ പുറത്തിറങ്ങിയ എല്‍.എം.എഫ്.എ.ഒ.യുടെ പാര്‍ട്ടി റോക്ക് ആന്തം എന്ന ആഗോള ഹിറ്റ് ഗാനത്തിലെ ഫീച്ചറിംഗ് ആര്‍ട്ടിസ്റ്റായാണ് ലോറന്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായത്. ബില്‍ബോര്‍ഡ് ഹോട്ട് 100 ചാര്‍ട്ടില്‍ തുടര്‍ച്ചയായി ആറാഴ്ചയാണ് ഈ ഗാനം ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്.
2007 ല്‍ പാരഡൈസോ ഗേള്‍സ് എന്ന ബാന്‍ഡിലൂടെ പതിനെട്ടാം വയസ്സിലാണ് ലോറന്‍ തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. പിന്നീട് സീലോ ഗ്രീന്‍, വില്‍.ഐ.എം തുടങ്ങിയ പ്രമുഖ കലാകാരന്മാരുമായി സഹകരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടികളുടെ പ്രശസ്ത പോപ്പ് ഗ്രൂപ്പായ ജി.ആര്‍.എല്ലിന്റെ ഭാഗമായി മാറി. അഗ്ലി ഹാര്‍ട്ട്, പിറ്റ്ബുളിനൊപ്പമുള്ള വൈല്‍ഡ് വൈല്‍ഡ് ലവ് തുടങ്ങിയവ ഈ ബാന്‍ഡിന്റെ പ്രധാന ഹിറ്റുകളാണ്.
2014 ല്‍ ബാന്‍ഡ് അംഗമായിരുന്ന സിമോണ്‍ ബാറ്റിലിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ബാന്‍ഡ് താല്‍ക്കാലികമായി പിരിഞ്ഞിരുന്നു. പിന്നീട് ലോറന്‍ സോളോ കരിയറിലേക്ക് മാറുകയും റിയാലിറ്റി, ഹറികെയ്ന്‍ തുടങ്ങിയ ഗാനങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. പ്രശസ്ത അമേരിക്കന്‍ നര്‍ത്തകനും നടനുമായ കെന്നി വൊമാള്‍ഡ് ആണ് പങ്കാളി. ഹാര്‍ലോ എന്നൊരു മകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
