സനാ: യമന് തലസ്ഥാനമായ സനായില് സൗദി നേതൃത്വത്തിലുള്ള സഖ്യം വ്യോമാക്രമണം നടത്തിയതായി റിപ്പോര്ട്ട്. സനായുടെ പടിഞ്ഞാറുഭാഗത്തുള്ള അല് സബഹാ എണ്ണക്കമ്പനിക്കും സംഭരണ കേന്ദ്രത്തിന് നേരേയായിരുന്നു ചൊവ്വാഴ്ച ഈ ആക്രമണമുണ്ടായത്. യമന് പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കേന്ദ്രം. എങ്കിലും ആക്രമണ സമയത്ത് ഇവിടെ ഇന്ധനമോ പെട്രോളിയം ഉത്പന്നങ്ങളോ സൂക്ഷിച്ചിരുന്നില്ലെന്നും അതിനാല് നഗരത്തിലെ ഇന്ധന വിതരണത്തെ ഇത് ബാധിക്കില്ലെന്നും ഹൂതി നേതൃത്വം വ്യക്തമാക്കി.
റിയാദ് വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണങ്ങളെത്തുടര്ന്ന് അല്-സബഹാ കമ്പനിയും പരിസരവും ഒഴിയണമെന്ന് സൗദി സഖ്യം മുന്നറിയിപ്പ് നല്കിയിരുന്നു. ഇതിനുപിന്നാലെ സനായില് ഇന്ധനം വാങ്ങാന് ജനങ്ങളുടെ വന് തിരക്കാണ് അനുഭവപ്പെട്ടത്. റിയാദിന് വടക്ക് ഭാഗത്തായി മൂന്ന് ഡ്രോണുകളെ തടഞ്ഞുവച്ചതായി സൗദി സഖ്യസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങള്ക്ക് ശക്തമായ തിരിച്ചടി നല്കുമെന്ന് ഹൂതി നേതൃത്വവും മുന്നറിയിപ്പ് നല്കി.
റിയാദ് വിമാനത്താവളം, ദമാമിലെ ആരാംകോ ആസ്ഥാനം, റിയാദിലെ ആരാംകോ എണ്ണശുദ്ധീകരണശാല എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങള് ഉണ്ടായേക്കാമെന്നും ഈ പ്രദേശങ്ങളില് നിന്ന് ജനങ്ങള് ഒഴിഞ്ഞുപോകണമെന്നും അവര് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വൈകി യമന്റെ വടക്കന് അതിര്ത്തിയില് സൗദി കനത്ത വ്യോമാക്രമണം നടത്തിയതായും ഹൂതികള് ആരോപിച്ചു.
അതേസമയം, സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള് ഹൂതികള് ഉടന് അവസാനിപ്പിക്കണമെന്ന് ഈജിപ്ഷ്യന് വിദേശകാര്യമന്ത്രി ബദര് അബ്ദെലാറ്റി ആവശ്യപ്പെട്ടു. ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായുള്ള ഫോണ് സംഭാഷണത്തിനിടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. ഇത്തരം ആക്രമണങ്ങള്ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും ഇവ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സൗദി-ഹൂതി തര്ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന് തയ്യാറാണെന്ന് ഇറാന് നേരത്തെ അറിയിച്ചിരുന്നു.
സൗദി അറേബ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് ഹൂതി വിമതര് ആക്രമണങ്ങള് ശക്തമാക്കിയതോടെ പശ്ചിമേഷ്യയില് വീണ്ടും സംഘര്ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണങ്ങളില് പതിനാലോളം പേര് കൊല്ലപ്പെട്ടതും സ്ഥിതിഗതികള് കൂടുതല് വഷളാക്കിയിട്ടുണ്ട്. ഇതിനുപുറമെ, യമനിലെ മൂന്നാമത്തെ വലിയ നഗരമായ തായിസ് വളഞ്ഞ ഹൂതികള് നഗരത്തെ ഉപരോധത്തിലാക്കിയിരിക്കുകയാണെന്നും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
