ബെര്‍ലിന്‍: ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍. കഴിഞ്ഞ മാസം 26 സാധാരണക്കാരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തെ ജര്‍മനി അപലപിച്ചു.
ബെര്‍ലിനില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ജര്‍മ്മന്‍ മന്ത്രിയുടെ പരാമര്‍ശം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ വെടിനിര്‍ത്തല്‍ ധാരണ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും സംഘര്‍ഷങ്ങള്‍ ഉഭയകക്ഷിപരമായി പരിഹരിക്കുന്നതിന് സ്ഥിരമായ ഒരു സംഭാഷണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
''തീര്‍ച്ചയായും ഇന്ത്യയ്ക്ക് ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശവുമുണ്ട്. ഇപ്പോള്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരിക്കുന്നു എന്നത് ഞങ്ങള്‍ വളരെയധികം അഭിനന്ദിക്കുന്ന ഒന്നാണ്,'' വാഡെഫുള്‍ പറഞ്ഞു.
ത്രിരാഷ്ട്ര യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ആവര്‍ത്തിച്ചു. ''ഭീകരതയോട് ഇന്ത്യക്ക് സഹിഷ്ണുതയില്ല. ഇന്ത്യ ഒരിക്കലും ആണവ ഭീഷണിക്ക് വഴങ്ങില്ല,'' അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി മാര്‍ഗങ്ങളിലൂടെ മാത്രമേ ഇന്ത്യ പാകിസ്ഥാനുമായി ഇടപെടുകയുള്ളൂവെന്ന് എസ് ജയ്ശങ്കര്‍ വ്യക്തമാക്കി. ''അക്കാര്യത്തില്‍ ഒരു തരത്തിലും ആശയക്കുഴപ്പം ഉണ്ടാകരുത്,'' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നിലപാട് ജര്‍മ്മനി മനസ്സിലാക്കിയതിനെ ജയ്ശങ്കര്‍ സ്വാഗതം ചെയ്തു. ''ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്ന ജര്‍മ്മനിയുടെ ധാരണയെയും ഞങ്ങള്‍ വിലമതിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
