ദോഹ: ഒരു കാലത്ത് ബംഗ്ലാദേശ് രാഷ്ട്രീയം അടക്കിവാണിരുന്ന വനിതകളായിരുന്നു ശൈഖ് ഹസീനയും ഖാലിദ സിയയും. മുന്‍ പ്രധാനമന്ത്രിമാരായ രണ്ടുപേരും ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്തിയിരുന്നവരാണ്. ഇന്ത്യയുമായി കൂടുതല്‍ സൗഹൃദം പക്ഷേ, ശൈഖ് ഹസീനയ്ക്കാണ്. 1970കളിലെ പ്രതിസന്ധി ഘട്ടത്തില്‍ അവരെ സംരക്ഷിച്ചത് ഇന്ത്യയായിരുന്നു.
ഏറ്റവും ഒടുവില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് നാടുവിടേണ്ടി വന്നപ്പോള്‍ അഭയത്തിനായി അവര്‍ തിരഞ്ഞെടുത്തതും ഇന്ത്യയെയാണ്. അതേസമയം, ഖാലിദ സിയ പലവിധ അസുഖങ്ങളാല്‍ പ്രയാസപ്പെടുകയാണ്. വിദേശത്ത് ചികില്‍സയ്ക്ക് പോകാന്‍ അനുവദിക്കണമെന്ന ഖാലിദ സിയയുടെ ആവശ്യം ഹസീന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ഖത്തര്‍ അമീറിന്റെ ഇടപെടലില്‍ സിയ ബ്രിട്ടനില്‍ എത്തിയിരിക്കുകയാണ്.
അഴിമതിക്കേസില്‍ 17 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു ഖാലിദ സിയ. കോവിഡ് കാലത്ത് പ്രത്യേക ഉത്തരവിലൂടെ ജയിലില്‍ നിന്ന് വിട്ടയച്ചെങ്കിലും വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ശൈഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതോടെയാണ് ഖാലിദ സിയക്കുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും പുതിയ സര്‍ക്കാര്‍ നീക്കിയത്. വിചാരണ കോടതി വിധിച്ച ശിക്ഷ മേല്‍ക്കോടതി റദ്ദാക്കുകയും ചെയ്തു.
കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിയുന്ന 79കാരിയായ ഖാലിദ സിയക്ക് വിദഗ്ധ ചികില്‍സ വേണമെന്നാണ് അവരുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാക്കള്‍ പറയുന്നത്. ഈ വേളയിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ ഇടപെടല്‍. ചൊവ്വാഴ്ച രാത്രി അദ്ദേഹം അയച്ചു കൊടുത്ത എയര്‍ ആംബുലന്‍സ് ബംഗ്ലാദേശിലെത്തി ഖാലിദ സിയയുമായി ബ്രിട്ടനിലേക്ക് പോയി.
ഖത്തര്‍ അമീര്‍ ആണ് മെഡിക്കല്‍ സൗകര്യമുള്ള ആംബുലന്‍സ് അയച്ചു നല്‍കിയത് എന്ന് ഖാലിദ സിയയുടെ ഡോക്ടര്‍ സാഹിദ് ഹുസൈന്‍ വാര്‍ത്താ ഏജന്‍സിയായ എപിയോട് പറഞ്ഞു. ലണ്ടനിലാണ് സിയയുടെ മൂത്ത മകന്‍ താരിഖ് റഹ്മാന്‍. 2007 മുതല്‍ ലണ്ടനില്‍ പ്രവാസ ജീവിതത്തിലാണ് അദ്ദേഹം. നിലവില്‍ ബിഎന്‍പിയെ നയിക്കുന്നതും അദ്ദേഹമാണ്.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി ശൈഖ് ഹസീന ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയത്. അവരുടെ വീടും ഓഫീസും ജനങ്ങള്‍ കൈയ്യേറിയിരുന്നു. തുടര്‍ന്ന് സൈന്യത്തിന്റെ മധ്യസ്ഥതയില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു. നൊബേല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ് ആണ് പുതിയ സര്‍ക്കാരിനെ നയിക്കുന്നത്.
അടുത്ത പൊതുതിരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുംവരെയാണ് യൂനുസ് സര്‍ക്കാര്‍ നിലവിലുണ്ടാവുക. ഈ വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിഎന്‍പി ആവശ്യപ്പെടുന്നത്. അതിനിടെ ശൈഖ് ഹസീനക്കെതിരെ ബംഗ്ലാദേശ് കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കഴിയുന്ന ഹസീനയുടെ വിസാ കാലാവധി ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്