മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാനഡ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ ഫാമിലി & യൂത്ത് കോൺഫറൻസ് (FYC 2026), ജൂലൈ 2 മുതൽ 4 വരെ ഒന്റാറിയോയിലെ ബാരിയിലുള്ള ജോർജിയൻ കോളേജ് റെസിഡൻസ് & കോൺഫറൻസ് സെന്ററിൽ അനുഗ്രഹപൂർവ്വം നടന്നു.
2024ൽ കാനഡ ഭദ്രാസനം രൂപീകൃതമായതിനുശേഷം സംഘടിപ്പിക്കപ്പെട്ട ആദ്യ കുടുംബയുവജന സമ്മേളനമായിരുന്നു ഇത്. കാനഡ ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്.
എബ്രായർ 13:8 നെ ആസ്പദമാക്കി 'Timeless Truth for a Changing World' (മാറുന്ന ലോകത്ത് മാറ്റമില്ലാത്ത ക്രിസ്തു) എന്ന വിഷയമായിരുന്നു സമ്മേളനത്തിന്റെ മുഖ്യപ്രമേയം. മലങ്കര മല്പാൻ, വെരി. റവ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് കൊറേപ്പിസ്കോപ്പാ, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ സൺഡേസ്കൂൾ ഡയറക്ടർ റവ. ഫാ. ഡോ. തിമോത്തി തോമസ് (ടെന്നി), ലോങ് ഐലൻഡ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ഡോ. എബ്രഹാം ജോർജ് (എബി) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി ആത്മീയവും ചിന്തോദ്ദീപകവുമായ സന്ദേശങ്ങൾ പങ്കുവച്ചു.
കാനഡയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി 175 വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുത്തു. കുടുംബങ്ങൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ഒരുക്കിയ ആത്മീയ, പഠന, സംവേദനാത്മക സെഷനുകൾ, യാമപ്രാർത്ഥനകൾ, പ്രദക്ഷിണം, ഗ്രൂപ്പ് ഡിസ്കഷൻസ്, ആത്മീയ സംഘടനകളുടെ യോഗങ്ങൾ എന്നിവ സമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു.
സാംസ്കാരിക സായാഹ്നവും കലാപരിപാടികളും സമ്മേളനത്തിന് പ്രത്യേക ഭംഗി പകർന്നു. മൂന്നുദിവസം നീണ്ട സമ്മേളനം വിശുദ്ധ കുർബാനയ്ക്കശേഷം നടന്ന സമാപന സമ്മേളനത്തോടെ അനുഗ്രഹപൂർവ്വം സമാപിച്ചു.
ഭദ്രാസന സെക്രട്ടറിയും കോൺഫറൻസ് കൺവീനറുമായ റവ. ഫാ. ഡോ. തോമസ് ജോർജ്, കോൺഫറൻസ് കോഓർഡിനേറ്റർ റവ. ഫാ. സാം തങ്കച്ചൻ, സെക്രട്ടറി മനു എബ്രഹാം, ജോയിന്റ് സെക്രട്ടറി വിവിൻ വെട്ടിയിൽ എന്നിവർ കോൺഫറൻസ് വിജയകരമാക്കാൻ പ്രയത്നിച്ച വന്ദ്യ വൈദികർ, വിവിധ കമ്മിറ്റികൾ, സന്നദ്ധപ്രവർത്തകർ, സ്പോൺസർമാർ, ജോർജിയൻ കോളേജ് അധികൃതർ, സമ്മേളനത്തിൽ പങ്കെടുത്ത വിശ്വാസികൾ എന്നിവർക്ക് സംഘാടക സമിതിക്കുവേണ്ടി നന്ദി രേഖപ്പെടുത്തി.
സമ്മേളനത്തിന്റെ സ്മരണയ്ക്കായി ഒരു സുവനീർ ആഗസ്റ്റ് അവസാനത്തോടെ പ്രസിദ്ധീകരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
