കൊച്ചി: വേനല്‍ക്കാലം എത്തുംമുമ്പേ വെന്തുരുകുകയാണ് കേരളം. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ മിക്ക ജില്ലകളിലും ഇപ്പോള്‍ പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നുണ്ട്. എല്‍നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മാര്‍ച്ച് മുതലാണ് വേനല്‍ ആരംഭിക്കുന്നതെങ്കിലും ഇക്കൊല്ലം ഫെബ്രുവരി ആദ്യം മുതല്‍ തന്നെ കനത്ത ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ കുപ്പിവെള്ളം വില്‍പനയും കുതിച്ചുയരുകയാണ്. ഡിസംബര്‍ അവസാനം ചൂട് കനത്ത് തുടങ്ങിയതോടെ പ്രതിദിന വില്‍പന ശരാശരി 50 ലക്ഷം ലിറ്ററിലേക്ക് ഉയര്‍ന്നതായാണ് വ്യാപാരികള്‍ നല്‍കുന്ന കണക്ക്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കമ്പനികളുടെ വില്‍പന കൂടാതെയാണിത്. സീസണല്ലാത്ത ജൂണ്‍, ജൂലൈ മാസങ്ങളെ അപേക്ഷിച്ച് വില്‍പനയില്‍ 50 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ ആഴ്ചകളില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളത് 20 ലിറ്റര്‍ കുപ്പി (60 രൂപ) വെള്ളത്തിനാണ്.
സംസ്ഥാനത്തെ കുപ്പിവെള്ള ഉല്‍പാദന യൂണിറ്റുകള്‍ 260 ആണ്. ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് 160 മുതല്‍ 180 വരെയാണ്. ഫ്‌ളാറ്റുകള്‍, ഓഫിസുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതലും ചെലവാകുന്നത്. അതുപോലെ തന്നെ ട്രെയിന്‍-ബസ് യാത്രക്കാര്‍, ആശുപത്രികളിലെത്തുന്നവര്‍, നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവര്‍, പൊതു പരിപാടികളുടെ സംഘാടകര്‍ എന്നിവരെല്ലാം 20 ലിറ്റര്‍ വാങ്ങുന്നവരില്‍പ്പെടും.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ ബാറുകളിലും കടലോര പ്രദേശങ്ങളിലുമായി വില്‍പന ചുരുങ്ങും. കിണര്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തതാണ് ആ സമയത്ത് കടലോര പ്രദേശങ്ങളിലെ കുടുംബങ്ങള്‍ 20 ലിറ്റര്‍ കുപ്പിവെള്ളത്തെ ആശ്രയിക്കാന്‍ കാരണം. കുപ്പിവെള്ള നിര്‍മാണ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്‌സ് അതോറിറ്റിയാണ് (എഫ്.എസ്.എസ്.എ). കൂടാതെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സിന്റെ (ബി.ഐ.എസ്) ഗുണനിലവാര പരിശോധനയും നിര്‍ബന്ധമാണ്.
തുറന്ന കിണറുകള്‍, കുഴല്‍ കിണറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്നതും വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വാണിജ്യാവശ്യത്തിന് വാങ്ങുന്നതുമായ വെള്ളമാണ് ശുദ്ധീകരിച്ച് സാധാരണയായി വിതരണം ചെയ്യുന്നത്. ലഭ്യതയനുസരിച്ച് ഒരു കിണറില്‍ നിന്ന് പ്രതിദിനം 25,000 മുതല്‍ 40,000 ലിറ്റര്‍ വരെ വെള്ളമെടുക്കാനാണ് കമ്പനികള്‍ക്ക് ഭൂഗര്‍ഭ ജലവകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. ചൂട് കൂടുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വില്‍പന ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്