വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി പ്രഖ്യാപിച്ചതും, പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ച നിയമസഭയിൽ. ഒപ്പം ജലപീരങ്കിയിലെ വെള്ളത്തിന്റെ ഗുണമേന്മയെക്കുറിച്ചുള്ള പിണറായിയുടെ 'കുപ്പി എഴുന്നള്ളിപ്പും' ചൊവ്വാഴ്ച സഭയിൽ കണ്ടു. ബി.ജെ.പി.യുമായും അദാനിയുമായും കർണ്ണാടകയിലെ ഒരു സ്വകാര്യ മദ്യകമ്പനിയുമായും മുഖ്യമന്ത്രി വി.ഡി.സതീശൻ 'ഡീൽ' ഉണ്ടാക്കിക്കഴിഞ്ഞതായി പ്രതിപക്ഷം ആരോപിക്കുന്നു.
ഇന്ദിരാഗ്യാരന്റിയല്ല, അദാനി ഗ്യാരന്റിയാണ് സതീശന്റേതെന്ന് നിയമസഭയിലെ കന്നി പ്രസംഗത്തിൽ സി.പി.എം. അംഗം വിൻസന്റ് ചിറ്റിലപ്പിള്ളി തട്ടിവിടുന്നതും കേട്ടു. മന്ത്രിയായിരുന്നപ്പോഴുള്ള ഗമയെല്ലാം പോയ വീണ ജോർജ് കൈരളി ചാനൽ ലേഖകനെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ആരോഗ്യ വകുപ്പു മന്ത്രി കെ.മുരളീധരനെ പ്രതിക്കൂട്ടിലാക്കി സംസാരിച്ചത്.
പ്രതിപക്ഷം ഏറ്റവും കൂടുതലായി ലക്ഷ്യമിടുന്നത് വി.ഡി.സതീശനെയും മുരളീധരനെയുമാണ്. നല്ലപോലെ കുലുക്കിയാൽ സതീശനെയും മുരളിയെയും താഴെയിറക്കാമെന്ന വ്യാമോഹം പ്രതിപക്ഷത്തിനു മാത്രമല്ല, കോൺഗ്രസിലെ ചില സതീശ വിരോധികൾക്കുമുണ്ടോയെന്ന് രാഷ്ട്രീയ നിരീക്ഷകർക്കും സംശയമുയർന്നിട്ടുണ്ട്.
മലിനജലം പൊടിക്കുപ്പിയിൽ, അഴിമതി ഒരു വീപ്പനിറയെ...
ഓരോ ദിവസവും പഴയ സർക്കാരിന്റെ അഴിമതിക്കഥകൾ ടി.വി. സീരിയൽ പോലെ ചാനലുകളിലും സോഷ്യൽമീഡിയയിലും നിറയുകയാണ്. അതിനൊന്നും മറുപടി പറയാൻ പ്രതിപക്ഷത്തിനു കഴിയുന്നതേയില്ല. ഭരണം മുഴുവൻ പിണറായിയെ ഏൽപ്പിച്ചതിന്റെ പ്രത്യാഘാതമൊന്നും സി.പി.എം. ഒഴിച്ചുള്ള ഘടകകക്ഷികൾ അറിഞ്ഞമട്ടില്ല. 'എന്റെ പിള്ളേരുടെ നേരെ മലിന ജലം ചീറ്റിച്ചല്ലേ' എന്ന ലൂസിഫർ സിനിമയിലെ മോഹൻലാലിന് സദൃശ്യമായ ഡയലോഗാണ് പിണറായി ചൊവ്വാഴ്ച നിയമസഭയിൽ വിളിച്ചു കൂവിയത്.
എന്നാൽ, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഏറെ സംയമനത്തോടെയാണ് പിണറായിക്ക് മറുപടി നൽകിയത്. കുപ്പിയിലെ മലിനജലം ലാബിലേക്ക് അയച്ചിട്ടുണ്ട്, ആ പരിശോധനാ റിപ്പോർട്ട് സഭയിൽ വയ്ക്കാമെന്നുമുള്ള ചെന്നിത്തലയുടെ മറുപടി സ്പീക്കർ തിരുവഞ്ചൂർ ശരിവയ്ക്കുകയായിരുന്നു. ഏതാനും മിനിട്ടുകൾക്കകം, ഒരു സി.പി.ഐ.ക്കാരൻ ജലപീരങ്കി പ്രയോഗം നടന്ന സ്ഥലത്ത് റോഡിൽ നിന്ന് ചെളിവെള്ളം കോരിയെടുക്കുന്നതും, മുൻമന്ത്രി കെ.രാജൻ ആ കുപ്പിയുമായി നിയമസഭയിലേക്ക് പോകുന്നതുമായ വിഷ്വലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെയും ധനകാര്യ മാനേജ്‌മെന്റിലെ പിടിപ്പുകേടുകളെയും വിശദാംശങ്ങൾ ചൂണ്ടിക്കാണിക്കുന്ന സി.എ.ജി. റിപ്പോർട്ട് ഇതിനകം സഭയുടെ മേശപ്പുറത്തെത്തിയിട്ടുണ്ട്. പൊതുജനം നൽകിയ ദുരിതാശ്വാസനിധിയിലേക്കുള്ള പണത്തിൽ നിന്ന് 262 കോടി രൂപ വകമാറ്റി ചെലവഴിച്ചതിനെക്കുറിച്ച് ഇപ്പോഴും പിണറായി പറയുന്നത് വളിച്ച ന്യായങ്ങളാണ്. ബജറ്റിനു പുറത്തുനിന്നുള്ള കടമെടുപ്പ് പരിധിവിട്ടുവെന്ന് ഈ റിപ്പോർട്ടിലുണ്ട്. നവമാധ്യമങ്ങൾ കയറുപിരി ഡോക്ടറേറ്റുകാരൻ എന്ന് വിശേഷിപ്പിക്കുന്ന ഡോ.തോമസ് ഐസക്കിന്റെ ചുമതലയിലുള്ള കെ.ഡിസ്‌ക്ക് എന്ന സംരംഭത്തിൽ 58 ജോലിക്കാരുണ്ടെന്നും 2.5 കോടി രൂപ ഇതുവഴി സർക്കാർ ധൂർത്തടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
തൃശൂരിൽ കെ.ഡിസ്‌ക്ക് നടത്തിയ തൊഴിൽ ദാന മേളയ്ക്ക് 56 ലക്ഷം രൂപ ചെലവഴിച്ചിട്ട് ജോലി നൽകാൻ കഴിഞ്ഞത് 4 പേർക്ക് മാത്രമാണെന്ന മറ്റൊരു വാർത്തയും സോഷ്യൽ മീഡിയയിൽ കണ്ടു. 2024-25 ലെ സി.എ.ജി. റിപ്പോർട്ടാണ് ഇപ്പോൾ സഭയുടെ മേശപ്പുറത്തെത്തിയിട്ടുള്ളത്. ഇനി 2025-26 ലെ റിപ്പോർട്ടിൽ എന്തെല്ലാം പുകിലുകളുണ്ടാകുമോ ആവോ?
ചില മന്ത്രിമാർ പമ്മുന്നുണ്ടോ, ജനത്തിന് നല്ല സംശയമുണ്ട്...
മുൻ സർക്കാർ ചെയ്ത അഴിമതികളെക്കുറിച്ച് ചില കോൺഗ്രസ് മന്ത്രിമാർ യാഥാർത്ഥ്യങ്ങൾ പറയാതെ പമ്മിക്കളിക്കുകയാണോ? വൈദ്യുതിയുടെ കാര്യം തന്നെ ഉദാഹരണം. നമ്മുടെ അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതി യൂണിറ്റിന് വെറും 2.65 രൂപയ്ക്ക് ഇതേ സർക്കാർ വിറ്റഴിച്ചതായി രേഖകളുണ്ട്. പോകുന്ന പോക്കിൽ, അതായത് ഏപ്രിൽ മെയ് മാസങ്ങളിൽ വൈദ്യുതിയായി തന്നെ തിരിച്ചു കൊടുക്കാമെന്ന കരാറിൽ രണ്ടാം പിണറായി സർക്കാർ കടമായി വാങ്ങിയത് 4900 ദശലക്ഷം വൈദ്യുതിയാണ്. പ്രതീക്ഷിച്ചതുപോലെ മഴ ലഭിക്കാത്തതുമൂലം കടം വാങ്ങിയ വൈദ്യുതി മടക്കി നൽകാൻ ബോർഡിന് കഴിയുന്നില്ല.
യൂണിറ്റിന് 10 രൂപയും കടന്നാണ് ഇപ്പോഴത്തെ വൈദ്യുതി വില. കേന്ദ്രവിഹിതമായി ലഭിക്കുന്ന വൈദ്യുതിയിലും സാരമായ കുറവുണ്ട്. എന്നാൽ ലോകകപ്പ് കളി കാണാൻ ലോകം മുഴുവൻ രാത്രി ഉണർന്നിരിക്കുന്ന ദിനങ്ങളിൽ വൈദ്യുതി മന്ത്രി പറയുന്നതുപോലെ പരിമിതമായ വിധത്തിൽ കറന്റ് മുടങ്ങിയാൽ പോലും ജനം ഇലക്ട്രിസിറ്റി ബോർഡിന്റെ ഓഫീസുകൾ തല്ലിപ്പൊളിക്കുമെന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ നശീകരണ സമരത്തിൽ മുമ്പിലുണ്ടാവുക തീർച്ചയായും സഖാക്കളുമായിരിക്കാം.
അതുകൊണ്ട് വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങൾ യൂണിയനുകളെ ഭയപ്പെടാതെ വകുപ്പ് മന്ത്രി സണ്ണി വക്കീലിന് ജനങ്ങളോട് വിശദീകരിച്ചുകൂടെ? അതല്ലെങ്കിൽ 'കട്ടുകഴുവേറ്റുന്ന' രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ തമ്പുരാക്കന്മാരെ സണ്ണി വക്കീൽ ഭയപ്പെടുന്നുണ്ടോ? വക്കീലിന് വേണമെങ്കിൽ ഇക്കാര്യത്തിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ മാതൃകയാക്കാവുന്നതാണ്. വനംവകുപ്പിൽ ഇടതു സർക്കാർ കെട്ടിപ്പൊക്കിയ അഴിമതിപ്പന്തലുകളിൽ കഴിഞ്ഞിരുന്ന പലരെയും മന്ത്രി ഷിബു ആട്ടിയോടിച്ചു കഴിഞ്ഞു. വനം വകുപ്പ് ഭരിക്കാൻ 'യൂണിയനോ' യൂണിയന്റെ ശിങ്കിടികളോ വേണ്ട, ഞാൻ തന്നെ ഭരിച്ചോളാമെന്ന് വനം മന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുമുണ്ട്.
മന്ത്രി വീണയ്ക്ക് മുരളിയൂതിയ ഡയറക്ടറും പുറത്ത്
ആരോഗ്യവകുപ്പ് ഡയറക്ടർ ശ്രീമതി റീനയ്‌ക്കെതിരെ സർക്കാർ ഡോക്ടർമാരുടെ യൂണിയൻ പോലും കലിപ്പിലാണ്. സർവീസ് ക്വാട്ടയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടിയ ശ്രീമതി റീനയ്ക്ക് ഡയറക്ടർ പദവി പ്രാപ്യമായത് 'ചരട് വലി' യിലൂടെയാണത്രെ. ഭിന്നശേഷിക്കാരിയായ ഒരു ഡോക്ടറെ ഉപദ്രവിച്ചതും കോവിഡ് ഫണ്ട് മുക്കിയതുമെല്ലാം ആരോപണങ്ങായി ഇപ്പോൾ ഉയർന്നിട്ടുണ്ട്. യു.ഡി.എഫ്. അധികാരത്തിലെത്തിയിട്ടും 'ചുവപ്പിന്റെ' ആകർഷണത്തിൽ നിന്ന് മോചിതയാകാത്തതുമൂലം ചില കാര്യങ്ങളിൽ അവർക്ക് തെറ്റ് പറ്റിയതായി മാധ്യമങ്ങളിൽ വാർത്തകളുണ്ടായിരുന്നു.
മനുഷ്യത്വപരമായ സമീപനം പലപ്പോഴും അവർ പുലർത്തിയിരുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും ആരോഗ്യവകുപ്പിലെ ഏതൊരു ഉദ്യോഗസ്ഥനെയും ഉദ്യോഗസ്ഥയെയും മനപ്പൂർവം അധികാരം ഉപയോഗിച്ച് ഉപദ്രവിച്ചിരുന്നതായും സെക്രട്ടറിയേറ്റിൽ നിന്നു തന്നെ പരാതികളുയർന്നിരുന്നു. ദേവസ്വം വകുപ്പിലേക്ക് വകുപ്പ് മന്ത്രി അറിയാതെ കത്തയച്ചതും നിപ്പ വൈറസ് സ്ഥിരീകരിച്ച ലാബ് റിപ്പോർട്ട് മന്ത്രിയെ അറിയിക്കാൻ വൈകിയതും ഡോ.റീനയുടെ 'തൊരപ്പൻ പണി' യാണെന്നാണ് മന്ത്രി മുരളീധരൻ മാധ്യമങ്ങൾക്കു മുമ്പിൽ പറഞ്ഞത്.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ പോയി ഡോ.റീന അനുകൂലവിധി നേടിയെങ്കിലും ഹൈക്കോടതി ആ വിധി സ്റ്റേ ചെയ്തു. ഇപ്പോൾ റീന സുപ്രീംകോടതിയിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മൂന്നു വർഷം ഡയറക്ടർ കസേരയിൽ ഇടതുസർക്കാരിനെ സുഖിപ്പിച്ചിരുന്ന ഡോ.റീന യൂണിയൻകാർക്കോ സഹപ്രവർത്തകർക്കോ അത്രയേറെ ഇഷ്ടമുള്ള കഥാപാത്രമല്ലെന്ന് തലസ്ഥാനത്തെ കുശുകുശുപ്പുകളിൽ കേൾക്കുന്നുണ്ട്.
ഹണിമൂൺ ഇല്ലേയില്ല, സമരപ്പൊരിച്ചിൽ തുടങ്ങി
സാധാരണ ഗതിയിൽ ഒരു സർക്കാർ അധികാരമേറ്റാൽ ഏതൊനും മാസങ്ങൾ പ്രതിപക്ഷം സമരത്തിനിറങ്ങാതെ ഒരു 'ഹണിമൂൺ' കാലം പ്രഖ്യാപിക്കാറുണ്ട്. എന്നാൽ പിണറായിയുടെ പ്രതിപക്ഷം, സ്വന്തം അണികളെയും യുവജനങ്ങളെയും വിദ്യാർത്ഥികളെയും തെരുവിലിറക്കി സംസ്ഥാനത്തൊട്ടാകെ സമരം തുടങ്ങിക്കഴിഞ്ഞു. അതോടെ ഹണിമൂണൊന്നുമല്ല, സമരപ്പൊരിച്ചിലാണ് ഇനി കാണാൻപോകുന്നതെന്ന് ഇടതുപക്ഷം മുന്നറിയിപ്പ് നൽകുന്നു.
സമര കാരണങ്ങൾ പോലും വിചിത്രമാണിവിടെ, മദ്യത്തിന് കുറഞ്ഞ നികുതി പ്രഖ്യാപിച്ചതിനാണ് ഡി.വൈ.എഫ്.ഐ.ക്കാർ സമരിക്കുന്നത്.
സി.പി.ഐ.യുടെ എ.ഐ.വൈ.എഫും. ഏ.ഐ.എസ്.എഫും ചൊവ്വാഴ്ച പി.എം.ശ്രീ നടപ്പാക്കുന്നതിനെതിരെ തലസ്ഥാനത്ത് സമരം നടത്തിയിരുന്നു. എല്ലാ ഫീസുകളും നിരക്കുകളും അവരുടെ ഭരണകാലത്ത് ഇടതുസർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയതിന് എസ്.എഫ്.ഐ.ക്കാർ സെക്രട്ടറിയേറ്റിനു മുമ്പിൽ ബുധനാഴ്ച സമരത്തിനെത്തി. ഡിഫിക്കാരാകട്ടെ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിനെതിരെയാണ് സമരം നടത്തുന്നത്.
ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് 29 ബാർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. ഇടതു സർക്കാർ വന്നപ്പോൾ ബാറുകളുടെ പ്രവർത്തന സമയം കൂട്ടി. ബാറുകളുടെ എണ്ണം 900ത്തിനടുത്തെത്തി. ആ 'മദ്യനയം' ത്തെ എതിർക്കാതിരുന്നവർ വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി കുറച്ചുവെന്ന നിർദ്ദേശത്തിനെതിരെയാണ് ഇപ്പോൾ നാണംകെട്ട സമരത്തിനിറങ്ങിയിട്ടുള്ളത്.
മുൻമന്ത്രി എം.ബി.രാജേഷ് ചൊവ്വാഴ്ച ഏഷ്യാനെറ്റ് ന്യൂസിന്റെ അന്തി ചർച്ചയിൽ പങ്കെടുക്കുന്നത് കണ്ടു. മികച്ച പാർലിമെന്റേറിയനെന്ന ദേശീയ ബഹുമതി ലഭിച്ചിട്ടുള്ള ആ യുവനേതാവിന്റെ 'പുതിയ മുഖം' കണ്ടോ? എക്‌സൈസ് വകുപ്പിന്റെ 'അഴിമതി ഭരണി' യിൽ കൈയിട്ടു വാരിയിരിക്കാമെന്ന ആരോപണം പാർട്ടിക്കുവേണ്ടിയായാലും അളിയനുവേണ്ടിയായാലും അദ്ദേഹം നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഒറ്റവാക്കിൽ 'യെസ്' എന്നോ 'നോ' എന്ന് ആ മുഖം നോക്കി നിങ്ങൾക്കു പറയാം. ഞാൻ ഏതായാലും ആ പ്രവചനത്തിന് ഇല്ലേയില്ല!
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
